ഒരു 10 തവണ അവന്‍ അങ്ങനെ പുറത്താവുന്നത് കാണിച്ചുതന്നാല്‍ ഞാനെന്‍റെ പേര് മാറ്റാം, വെല്ലുവിളിയുമായി അശ്വിന്‍

ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഒരു 10 തവണ റിഷഭ് പന്ത് പുറത്താവുന്നതിന്‍റെ വീഡിയോ തനിക്കാരെങ്കിലും കാണിച്ചു തരികയാണെങ്കില്‍ താന്‍ തന്‍റെ പേരു പോലും മാറ്റാൻ തയാറാണെന്നും അശ്വിന്‍

We must realise that Rishabh Pant rarely gets out playing a defence says R Ashwin

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ റിഷഭ് പന്തിന്‍റെ നിരുത്തരവാദപരമായ പുറത്താകലുകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണുയര്‍ന്നത്. ടീം പ്രതിസന്ധിയിലായിരിക്കെ പലപ്പോഴും കൂറ്റനടികള്‍ക്ക് ശ്രമിച്ച് പന്ത് പുറത്താവുന്നതിനെതിരെ കോച്ച് ഗൗതം ഗംഭീര്‍ പോലും രംഗത്തെത്തയിരുന്നു. കളിക്കാര്‍ സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യണമെന്നും സ്വാഭാവിക കളിയാണെന്ന് പറഞ്ഞ് മോശം ഷോട്ട് കളിച്ച് പുറത്താവുന്നത് അംഗീകരിക്കാനാവില്ലെന്നും ഗംഭീര്‍ പറ‍ഞ്ഞിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് ടെക്നിക്കുള്ള ബാറ്റർമാരുടെ കൂട്ടത്തിലാണ് റിഷഭ് പന്തെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍.

ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് ഒരു 10 തവണ റിഷഭ് പന്ത് പുറത്താവുന്നതിന്‍റെ വീഡിയോ തനിക്കാരെങ്കിലും കാണിച്ചു തരികയാണെങ്കില്‍ താന്‍ തന്‍റെ പേരു പോലും മാറ്റാൻ തയാറാണെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. പന്തില്‍ നിന്നാണ് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമായി മനസിലാക്കി കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ക്രീസില്‍ ഉറച്ചു നില്‍ക്കണോ അടിച്ചു തകര്‍ക്കണോ എന്ന് ക്രീസിലെത്തും മുമ്പെ പന്തിന് പറഞ്ഞുകൊടുക്കണം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പന്ത് അധികം റണ്‍സടിച്ചില്ലെങ്കിലും ഫോമിലല്ലെന്നതിന്‍റെ യാതൊരു സൂചനയും ബാറ്റിംഗില്‍ കാണാനില്ലായിരുന്നു.

രോഹിത്തിനെയും കോലിയെയുമൊന്നും ഒഴിവാക്കാൻ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല, വീണ്ടും തുറന്നടിച്ച് മനോജ് തിവാരി

തന്‍റെ പ്രതിഭ തിരിച്ചറിയുകയും അതിനോട് നീതി പുലര്‍ത്തുകയുമാണ് റിഷഭ് പന്ത് ചെയ്യേണ്ടത്. അവന്‍റെ കൈയില്‍ എല്ലാത്തരം ഷോട്ടകളുമുണ്ട്. റിവേഴ്സ് സ്വീപ്പ്, സ്ലോഗ് സ്വീപ്പ് അങ്ങനെയെല്ലാം. പ്രശ്നമെന്താണെന്ന് വെച്ചാല്‍ ഇതെല്ലാം നല്ല റിസ്കുള്ള ഷോട്ടുകളാണ്. അവന്‍റെ പ്രതിരോധമികവ് കണക്കിലെടുത്താല്‍ അവന്‍ കുറഞ്ഞത് 200 പന്തെങ്കിലും എല്ലാം കളികളിലും നേരിട്ടാല്‍ എല്ലാ മത്സരത്തിലും അവന്‍ റണ്‍സടിക്കുമെന്നുറപ്പാണ്. പ്രതിരോധത്തിന്‍റെയും ആക്രമണത്തിന്‍റെയും ശരിയായ സന്തുലനം ഉറപ്പാക്കുകയാണ് പ്രധാനം. അങ്ങനെ ചെയ്താല്‍ അവന്‍ എല്ലാ മത്സരങ്ങളിലും സെഞ്ചുറി നേടുമെന്നും അശ്വിന്‍ പറഞ്ഞു.

നിരുത്തരവാദപരമായ ഷോട്ട് കളിച്ചു പുറത്താവുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സിഡ്നി ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 98 പന്ത് നേരിട്ട റിഷഭ് പന്ത് 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 33 പന്തില്‍ 61 റണ്‍സടിച്ച് അതിവേഗ ഫിഫ്റ്റി നേടിയിരുന്നു. ഡിഫന്‍സീവ് ടെക്നിക്കിന്‍റെ കാര്യത്തില്‍ അവന്‍ ലോകത്തിലെ തന്നെ മികച്ചവരില്‍ ഒരാളാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും മികച്ച ഡിഫൻസീവ് ടെക്നിക്കുള്ള താരങ്ങള്‍ സ്റ്റീവ് സ്മിത്തും ജോ റൂട്ടുമാണ്. അവര്‍ക്കൊപ്പമാണ് പന്തിന്‍റെ സ്ഥാനവും.

ഇംഗ്ലണ്ട് പര്യടനത്തിന് അവനുണ്ടാവില്ല, ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്‍റ്; രോഹിത്തിനെക്കുറിച്ച് ഗിൽക്രിസ്റ്റ്

ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് അവന്‍ പുറത്താവുന്നത് വളരെ അപൂര്‍വമാണ്. അങ്ങനെ അവന്‍ പുറത്താവുന്ന ഒരു 10 ഇന്നിംഗ്സെങ്കിലും എനിക്കാരെങ്കിലും കാണിച്ചു തന്നാല്‍ ഞാനെന്‍റെ പേര് മാറ്റാം. ഞാനവനെതിരെ നെറ്റ്സില്‍ നിരവധി തവണ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അവന്‍ പുറത്താവുകയോ എഡ്ജ് എടുക്കുകയോ ചെയ്തിട്ടില്ല. അതുപോലെ എല്‍ബിഡബ്ല്യു ആവാറുമില്ല. അതിനര്‍ത്ഥം അവന്‍റെ ഡിഫന്‍സ് അത്രമാത്രം മികച്ചതാണെന്നതാണ്. പ്രശ്നം എന്താണെന്നുവെച്ചാല്‍ അവന്‍ ഒരുപാട് ഷോട്ടുകള്‍ തുടക്കത്തിലെ കളിക്കുന്നു എന്നതാണ്. അതില്‍ കൃത്യമായൊരു ബാലന്‍സ് കൊണ്ടുവന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന് തിളങ്ങാനാവുമെന്നും അശ്വിന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios