ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കിയത് വെറുതെയല്ല, ക്രീസ് വിട്ട് നടക്കാനിറങ്ങുന്നത് സ്ഥിരം പരിപാടി-വീഡിയോ
ബൗണ്‍സര്‍ ഒഴിവാക്കാനായി കുനിഞ്ഞിരുന്നശേഷം ബെയര്‍സ്റ്റോ പിച്ചിന് നടുവിലേക്ക് നടന്നു നീങ്ങിയപ്പോഴാണ് അലക്സ് ക്യാരി പന്ത് സ്റ്റംപിലേക്ക് എറിഞ്ഞ് റണ്ണൗട്ടാക്കിയത്. ഓസീസിന്‍റെ നടപടി ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതല്ലെന്നാണ് ഇംഗ്ലീഷ് ആരാധകര്‍ വിശ്വസിക്കുന്നതെങ്കില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്.
ഹെഡിങ്‌ലി: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ജോണി ബെയര്‍സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി റണ്ണൗട്ടാക്കിയതിനെക്കുിച്ചുള്ള വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. മൂന്നാം ടെസ്റ്റിന് ഇന്ന് ഹെഡിങ്ലിയില്‍ തുടക്കമാകുമ്പോഴും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആരാധകര്‍ തമ്മിലും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുംവരെ ഈ വിഷയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ രസകരമായൊരു വീഡിയോയും പുറത്തുവന്നു.
ബൗണ്‍സര്‍ ഒഴിവാക്കാനായി കുനിഞ്ഞിരുന്നശേഷം ബെയര്‍സ്റ്റോ പിച്ചിന് നടുവിലേക്ക് നടന്നു നീങ്ങിയപ്പോഴാണ് അലക്സ് ക്യാരി പന്ത് സ്റ്റംപിലേക്ക് എറിഞ്ഞ് റണ്ണൗട്ടാക്കിയത്. ഓസീസിന്‍റെ നടപടി ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കുന്നതല്ലെന്നാണ് ഇംഗ്ലീഷ് ആരാധകര്‍ വിശ്വസിക്കുന്നതെങ്കില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്.
ഇതിനിടെ പുറത്തുവന്ന വീഡിയോയിലാണ് ഓരോ പന്തും നേരിട്ടശേഷം ക്രീസ് വിട്ട് നടക്കാനിറങ്ങുന്നത് സ്ഥിരം പരിപാടിയാണെന്ന് മനസിലാവുക. റണ്ണൗട്ടാവുന്നതിന് മുമ്പും ബെയര്‍സ്റ്റോ സമാനമായ രീതിയില്‍ പന്ത് നേരിട്ടശേഷം ക്രീസ് വിട്ടിറങ്ങി നടന്നിരുന്നു. രണ്ടോ മൂന്നോ തവണ ഇങ്ങനെ നടന്നതോടെയാണ് അലക്സ് ക്യാരി ബെയര്‍സ്റ്റോയെ റണ്ണൗട്ടാക്കാന്‍ തീരുമാനിച്ചത്.
ക്യാരിയുടെ ത്രോ സ്റ്റംപിളക്കുമ്പോള്‍ അസാധരമായി ഒന്നും സംഭവിച്ചതായി ആദ്യം ബെയര്‍സ്റ്റോ കരുതിയില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയും തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തപ്പോഴാണ് ക്രീസ് വിട്ട് നടക്കാനിറങ്ങുന്നതിലെ അപകടം ബെയര്‍സ്റ്റോക്ക് മനസിലായത്. ബെയര്‍സ്റ്റോയുടെ രീതികള്‍ പഠിച്ചശേഷമാണ് ക്യാരി കണക്കൂകൂട്ടി ത്രോ ചെയ്തതെന്നാണ് വീഡിയോ കണ്ടാല്‍ മനസിലാകുക. ഇക്കാര്യം ഇന്ത്യന്‍ താരം ആര്‍ അശ്വിനും നേരത്തെ പറഞ്ഞിരുന്നു.ഓസീസ് കീപ്പര്‍ ചെയ്തത് നിയമത്തിനുള്ളില്‍ നിന്നാണെന്നും അതുകൊണ്ടുതന്നെ അതിനെ ക്രിക്കറ്റിന്‍രെ മാന്യതയുമായി കൂട്ടിക്കുഴക്കേണ്ടെന്നും അശ്വിന്‍ പറഞ്ഞിരുന്നു. ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ 2-0ന് മുന്നിലാണ്.