കമ്മിന്‍സും ലബുഷെയ്‌നും അവസരം തന്നു, ജയ്‌സ്വാള്‍ കൈവിട്ടു! ഒന്നല്ല, മൂന്ന് ക്യാച്ചുകള്‍; ദേഷ്യപ്പെട്ട് രോഹിത്
ഖവാജയുടെ ക്യാച്ച് വിട്ടത് വലിയ ക്ഷീണമുണ്ടാക്കിയിരുന്നില്ല. വലിയ സ്‌കോര്‍ നേടാനാകാതെ താരം മടങ്ങിയിരുന്നു.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണ്‍ ടെസ്റ്റിനിടെ മൂന്ന് ക്യാച്ചുകള്‍ വിട്ടുകളഞ്ഞ് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ഉസ്മാന്‍ ഖവാജയെ വിട്ടുകളഞ്ഞിരുന്നു. ജസ്പ്രിത് ബുമ്രയുടെ പന്തിലായിരുന്നു അത്. പിന്നീട് ഇന്ത്യക്ക് ആഗ്രഹിച്ചിരുന്ന വിക്കറ്റായിരുന്നു മര്‍നസ് ലബുഷെയ്‌നിന്റേത്. ലബുഷെയ്‌നിന്റെ അനായാസ ക്യാച്ചും തേര്‍ഡ് സ്ലിപ്പില്‍ ജയ്‌സ്വാള്‍ കൈവിട്ടു. ഏറ്റവും അവസാനം പാറ്റ് കമ്മിന്‍സ് നല്‍കിയ അവസരവും ജയ്‌സ്വാളിന് മുതലാക്കാന്‍ സാധിച്ചില്ല. ലബുഷെയ്‌നും (65), കമ്മിന്‍സും (21) ഇപ്പോഴും ക്രീസില്‍ തുടരുകയാണ്. ക്യാച്ചുകളെടുത്തിരുന്നെങ്കില്‍ ഓസീസ് എപ്പോഴോ കൂടാരം കയറിയേനെ.
ഖവാജയുടെ ക്യാച്ച് വിട്ടത് വലിയ ക്ഷീണമുണ്ടാക്കിയിരുന്നില്ല. വലിയ സ്‌കോര്‍ നേടാനാകാതെ താരം മടങ്ങിയിരുന്നു. 21 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ലബുഷെയ്‌നിന്റേയും കമ്മിന്‍സിന്റേയും ക്യാച്ച് വിട്ടത് എത്രത്തോളം ഗുരുതര പിഴവാണെന്നുള്ളത് കണ്ടറിയേണ്ടി വരും. ആകാശ് ദീപിന്റെ പന്തില്‍ അനായാസ ക്യാച്ച് കൈവിടുമ്പോള്‍ 46 റണ്‍സായിരുന്നു ലബുഷെയ്‌നിന് ഉണ്ടായിരുന്നത്. വീഡിയോ കാണാം...
പിന്നാലെ രണ്ടാം സെഷനിലെ അവസാന ഓവറില്‍ കമ്മിന്‍സിനേയും വിട്ടുകളഞ്ഞു. രവീന്ദ്ര ജഡേജയുടെ പന്തില്‍ സില്ലി പോയിന്റിലാണ് താരം ക്യാച്ച് വിട്ടത്. കമ്മിന്‍സ് പ്രതിരോധിച്ച പന്ത് ജയ്‌സ്വാളിന്റെ കൈകള്‍ക്കിടയിലൂടെ പോയി. വീഡിയോ...
ഓസീസിന് 240 റണ്‍സ് ലീഡായി ഇപ്പോള്‍. ചായയ്ക്ക് പിരിയുമ്പോള്‍ ആറിന് 135 എന്ന നിലയിലാണ് ടീം. ഒരു ഘട്ടത്തില്‍ രണ്ടിന് 80 നിലയിലായിരുന്നു ഓസീസ്. സാം കോണ്‍സ്റ്റാസ് (8), ഉസ്മാന്‍ ഖവാജ (21) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ കോണ്‍സ്റ്റാസിന് ഇത്തവണ നിരാശപ്പെടേണ്ടി വന്നു. എട്ട് റണ്‍സ് മാത്രമെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കുകയായിരുന്നു. ഒരു പെര്‍ഫക്റ്റ് റിവഞ്ച്. കോണ്‍സ്റ്റാസ് മടങ്ങുമ്പോള്‍ 20 റണ്‍സ് മാത്രമായിരുന്നു ഓസീസിന്റെ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഉസ്മാന്‍ ഖവാജയ്ക്കും അധികം ആയുസുണ്ടായിരുന്നില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി താരം. തുടര്‍ന്ന് സ്മിത്ത് - ലബുഷെയന്‍ സഖ്യം 37 റണ്‍സ് കൂട്ടിചേര്‍ത്തു. സിറാജാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
ആദ്യം സ്മിത്തിനെ (13) മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുമ്ര നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുമ്ര തിരിച്ചയച്ചത്. പിന്നാലെ മറ്റൊരു ഓവറുമായെത്തിയ ബുമ്ര, അലക്‌സ് ക്യാരിയേയും (2) ബൗള്‍ഡാക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്.
നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ ഇന്ത്യ 369ന് പുറത്തായിരുന്നു. ഒമ്പതിന് 358 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ക്രീസിലെത്തിയത്. സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിക്ക് (114) അധികനേരം ക്രീസില്‍ തുടരാനായില്ല. വ്യക്തിഗത സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് നിതീഷ് മടങ്ങി. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു. ഓസീസിന് വേണ്ടി ലിയോണ്‍, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.