ഇടിമിന്നലായി കോലി! മില്ലര്‍ക്ക് കണ്ണടച്ച് തുറക്കാനുള്ള സമയം പോലും കിട്ടിയില്ല; തകര്‍പ്പന്‍ റണ്ണൗട്ട് വീഡിയോ
വിരാട് കോലിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു മില്ലര്‍. കോലിയുടെ ഫീല്‍ഡിംഗ് ബ്രില്ല്യന്‍സ് തന്നെയാണ് വീഡിയോ വൈറലാവാന്‍ കാരണവും.
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രമുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹ (1), ശുഭ്മാന്‍ഗില്‍ (2), സായ് സുദര്‍ശന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. പിന്നീട് ഷാരൂഖ് ഖാന്‍ (37), ഡേവിഡ് മില്ലര്‍ (30), രാഹുല്‍ തെവാട്ടിയ (35)എന്നിവരുടെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ കരകയറ്റിയത്. ഇതില്‍ മില്ലറുടെ വിക്കറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കുന്നത്.
വിരാട് കോലിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു മില്ലര്‍. കോലിയുടെ ഫീല്‍ഡിംഗ് ബ്രില്ല്യന്‍സ് തന്നെയാണ് വീഡിയോ വൈറലാവാന്‍ കാരണവും. രാഹുല്‍ തെവാട്ടിയ പന്ത് മുട്ടിയിട്ട് സിംഗിളെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഓടിവന്ന് പന്തെടുത്ത കോലി നോണ്‍ സ്‌ട്രൈക്ക് സ്റ്റംപിലേക്ക് എറിഞ്ഞു. ഈ സമയത്ത് തിരിച്ചെത്താന്‍ മില്ലര്‍ക്ക് സാധിച്ചില്ല. വീഡിയോ കാണാം...
മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. പവര്‍പ്ലേയില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ ശേഷം 117-6 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ച നേരിട്ട ആര്‍സിബിക്ക് ഒടുവില്‍ നാല് വിക്കറ്റിന്റെ ആശ്വാസ ജയം ലഭിക്കുകയായിരുന്നു. ഓപ്പണര്‍മാരായ നായകന്‍ ഫാഫ് ഡുപ്ലസിസും വിരാട് കോലിയും ചേര്‍ന്ന് 5.5 ഓവറില്‍ അടിച്ചുകൂട്ടിയത് 92 റണ്‍സാണ്. ഇരുവരുടേയും ഇന്നിംഗ്‌സിന്റേയും കരുത്തില്‍ 148 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറിടന്നു. തുടര്‍ച്ചയായ മൂന്നാം ജയമാണിത്.
ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം. ഒരുവേള തകര്‍ത്തടിച്ച് ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്റ്) അവസാനസ്ഥാനത്ത് നിന്ന് ഏഴാമതേക്ക് ചേക്കേറി. 8 പോയിന്റ് തന്നെയെങ്കിലും ടൈറ്റന്‍സ് 9-ാം സ്ഥാനത്തേക്ക് വീണു.