അവന് വേണ്ടി ചെയ്യൂ! ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ -വീഡിയോ
സൂര്യയുടെ ഇടപെടല്‍ ക്രിക്കറ്റ് ആരാധകരുടെ വലിയ ബഹുമാനത്തിനിടയാക്കി. സഞ്ജുവിന്റെ പേര് പറയാന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു സൂര്യ.
മുംബൈ: മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന വിലയിരുത്തപ്പെട്ടെങ്കിലും പുറത്തിരിക്കാനായിരുന്നു വിധി. റിഷഭ് പന്തായിരുന്നു പ്രധാന വിക്കറ്റ കീപ്പര്‍. അവസരം ലഭിക്കാത്ത സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിന്റെ പ്രധാന ഭാഗമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പിന്നീട് വ്യക്തമാക്കിയിരുന്നു.
മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം. ടി20 ലോകകപ്പ് കീരിടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ പതിനായിരങ്ങളാണ് നിലയുറപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി മാര്‍ച്ചില്‍ ജനം തടിച്ചുകൂടിയിരുന്നു.
ഒത്തുകൂടിയവരെല്ലാം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുടെയെല്ലാം പേരെടുത്ത് പറഞ്ഞ് ആര്‍പ്പുവിളിക്കുന്നു. മുംബൈ നഗരം ചുറ്റിയ തുറന്ന ബസ്സില്‍ സഞ്ജുവുണ്ടായിരുന്നു. ഇതിനിടെ സൂര്യയുടെ ഇടപെടല്‍ ക്രിക്കറ്റ് ആരാധകരുടെ വലിയ ബഹുമാനത്തിനിടയാക്കി. സഞ്ജുവിന്റെ പേര് പറയാന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു സൂര്യ. വീഡിയോ കാണാം...
ലോകകപ്പുമായി ദില്ലിയിലെത്തിയ ഇന്ത്യന്‍ ടീമിന് രാജകീയ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്നിശമനസേന സ്വീകരിച്ചത്.