മസിലുരട്ടി സഞ്ജു സാംസണ്‍! സ്‌പെഷ്യല്‍ സെഞ്ചുറി ആഘോഷം; സൂപ്പര്‍ മാനെന്ന് സോഷ്യല്‍ മീഡിയ - വീഡിയോ
സെഞ്ചുറി നേടിയ ശേഷം സഞ്ജു നടത്തിയ ആഘോഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബാറ്റ് ഉയര്‍ത്തിയ ശേഷം കൈകളിലെ മസില്‍ ഉരുട്ടിയാണ് സഞ്ജു സെഞ്ചുറി ആഘോഷിച്ചത്.
പാള്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മത്സരത്തിലെ താരമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായിട്ടും 108 റണ്‍സ് നേടിയ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതാണ് സഞ്ജുവിന് ഗുണമായത്. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ സെഞ്ചുറി (108) കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സാണ് നേടിയിരുന്നു. മുന്‍നിര തകര്‍ന്നപ്പോഴും മൂന്നാമനായി ബാറ്റിംഗിനെത്തിയ സഞ്ജു ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി. രാജ്യാന്തര ക്രിക്കറ്റില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
സെഞ്ചുറി നേടിയ ശേഷം സഞ്ജു നടത്തിയ ആഘോഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബാറ്റ് ഉയര്‍ത്തിയ ശേഷം കൈകളിലെ മസില്‍ ഉരുട്ടിയാണ് സഞ്ജു സെഞ്ചുറി ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇതിനൊടകം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. വൈറല്‍ വീഡിയോ കാണാം...
ടീമിനെ വിജയിപ്പിക്കാനായതില്‍ അഭിമാനിക്കുന്നുവെന്ന് സഞ്ജു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍... ''പ്രകടനത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ഫലം കൂടി കണക്കിലെടുക്കുമ്പോള്‍. കഴിഞ്ഞ കുറേ മാസങ്ങളായി ഏറെ കഠിനാധ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ഇന്നിംഗ്‌സില്‍ ഏറെ സന്തോഷമുണ്ട്. വിക്കറ്റും ബൗളറുടെ മാനസികാവസ്ഥയും മനസ്സിലാക്കാന്‍ ഏകദിന ഫോര്‍മാറ്റ് കുറച്ച് അധിക സമയം നല്‍കുന്നു. ടോപ് ഒാര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ 10-20 അധിക പന്തുകള്‍ ലഭിക്കും.'' സഞ്ജു പറഞ്ഞു.
തിലക് വര്‍മയെ കുറിച്ചും സഞ്ജു സംസാരിച്ചു. ''തിലക് വര്‍മ നന്നായി കളിച്ചു. തിലകിന്റെ കാര്യത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു, അദ്ദേഹത്തില്‍ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം. സീനിയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിലവാരം ഉയര്‍ത്തി, ജൂനിയേഴ്‌സ് അവരുടെ പാത പിന്തുടരുന്നു. ഇടയില്‍ യാത്ര ചെയ്യുകയും ഓരോ 2-3 ദിവസം കളിക്കുകയും ചെയ്യുന്നു, ഇതൊരിക്കലും അനായാസ കാര്യം അല്ലായിരുന്നു.'' സഞ്ജു വ്യക്തമാക്കി.