പാകിസ്ഥാനെതിരെ വിജയറണ്‍ വയനാട്ടുകാരി സജനയുടെ ബാറ്റില്‍ നിന്ന്! ലോകകപ്പ് അരങ്ങേറ്റം കളറാക്കി താരം -വീഡിയോ

മത്സരത്തില്‍ വിജയറണ്‍ നേടാനുള്ള ഭാഗ്യമുണ്ടായത് മലയാളി താരം സജന സജീവനാണ്.

watch video sajana sajeevan scored winning run against pakistan

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ആദ്യജയം സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. ദുബായ്, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 35 പന്തില്‍ 32 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ റോഡ്രിഗസ് (23), ഹര്‍മന്‍പ്രീത് കൗര്‍ (29 റിട്ടയേര്‍ ഹര്‍ട്ട്) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു.

എന്നാല്‍ മത്സരത്തില്‍ വിജയറണ്‍ നേടാനുള്ള ഭാഗ്യമുണ്ടായത് മലയാളി താരം സജന സജീവനാണ്. 19-ാം ഓവറില്‍ ഹര്‍മന്‍പ്രീതിന് കഴുത്ത് വേദനയെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. പകരം ക്രീസിലെത്തിയ സജന നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സജന വിജയറണ്‍ നേടുന്ന വീഡിയോ കാണാം...

വനിതാ ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സജന. ഈ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരം കളിച്ച ആശ ശോഭനയാണ് മറ്റൊരു താരം. ആശ പാകിസ്ഥാനെതതിരെ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാല് ഓവറില്‍ 22 വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. 

നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകര്‍ത്തത്. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റുണ്ട്.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ മെരുക്കുകയായിരുന്നു. എട്ട് വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. 28 റണ്‍സെടുത്ത് നിദ ദര്‍ മാത്രമാണ് പാക് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ആദ്യ ഓവറില്‍ തന്നെ ഗുല്‍ ഫെറോസയെ (0) രേണുക സിംഗ് ബൗള്‍ഡാക്കി. സിദ്ര അമീന്‍ (8), ഒമൈമ സൊഹൈല്‍ (3) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധച്ചിരരുന്നില്ല. ഓപ്പണര്‍ മനീബ അലിയെ ശ്രേയങ്ക പുറത്താക്കി. ഇതോടെ നാലിന് 41 എന്ന നിലയിലായി പാകിസ്ഥാന്‍. ആലിയ റിയാസ് (4), ഫാത്തിമ സന (13), തുബ ഹസ്സന്‍ (0) എന്നിവര്‍ പൊരുതാന്‍ പോലുമാകാതെ കൂടാരം കയറി. 

ഇതോടെ ഏഴിന് 71 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. പിന്നീട് നിദ - അറൂബ് ഷാ (14) എന്നിവര്‍ നടത്തിയ പൊരാട്ടമാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. നിദയെ അവസാന ഓവറില്‍ അരുന്ധതി ബൗള്‍ഡാക്കി. നഷ്‌റ സന്ധു (6), അറൂബിനൊപ്പം പുറത്താവാതെ നിന്നു.

Latest Videos
Follow Us:
Download App:
  • android
  • ios