നമുക്ക് അടിച്ച് തിമിര്‍ക്കാം ഭായ്! സഞ്ജുവിന്റെ ചോദ്യത്തിന് റിഷഭ് പന്തിന്റെ മറുപടി; പിന്നെ നടന്നത് ചരിത്രം
ഓപ്പണറായെത്തിയ സഞ്ജു 31 പന്തില്‍ 61 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ പന്ത് 43 പന്ത് നേരിട്ട് 97 റണ്‍സും സ്വന്തമാക്കി.
ദില്ലി: ഐപിഎല്ലില്‍ ഒരുമിച്ച് ഒരു ടീമില്‍ കളിച്ചിരുന്ന താരങ്ങളാണ് സഞ്ജു സാംസണും റിഷഭും പന്തും. 2016, 2017 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്) താരങ്ങായിരുന്നു ഇരുവരും. രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തിയപ്പോഴാണ് സഞ്ജുവിനെ ഡല്‍ഹി പൊക്കിയത്. അന്ന് പന്ത് ടീമിലുണ്ടായിരുന്നു. ഇരുവരും ഗുജറാത്ത് ലയണ്‍സിനെതിരെ ഒരുമത്സരം മികച്ച കൂട്ടുകെട്ടുണ്ടാക്കി വിജയിപ്പിച്ചിരുന്നു.
ഗുജറാത്ത് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഡല്‍ഹി. ഓപ്പണറായെത്തിയ സഞ്ജു 31 പന്തില്‍ 61 റണ്‍സ് നേടി. മൂന്നാമനായി ക്രീസിലെത്തിയ പന്ത് 43 പന്ത് നേരിട്ട് 97 റണ്‍സും സ്വന്തമാക്കി. ഇരുവരും 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ ഡല്‍ഹി ക്യാപ്റ്റനായ റിഷഭ് പന്ത്. സഞ്ജുവുമായിട്ട് വലിയൊരു രസതന്ത്രമുണ്ടായിരുന്നെന്നാണ് പന്ത് പറയുന്നത്.
ജിയോ സിനിമയില്‍ ഒരു വീഡിയോ സെക്ഷനില്‍ പന്ത് പറയുന്നതിങ്ങനെ... ''ഞങ്ങള്‍ മികച്ച രസതന്ത്രമുണ്ടായിരുന്നു. അന്നത്തെ മത്സരത്തില്‍ എന്താണ് ഗെയിംപ്ലാന്‍ എന്ന് സഞ്ജു ചോദിച്ചു. ഞാന്‍ പറഞ്ഞു, നമുക്ക് അടിച്ചു കളിക്കാം, രണ്ട് പേര്‍ക്കും തലങ്ങും വിലങ്ങും അടിച്ച് കളിക്കും.'' ഇതായിരുന്നു എന്റെ മറുപടി. വീഡിയോ കാണാം...
ഇരുവരും ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. പിന്നാലെ വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇരുവരും ഒരുമിച്ച് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുയാണ് ആരാധകര്‍. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം അനിവാര്യമാണ്. നിലവില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് 10 പോയിന്റ് മാത്രമാണുള്ളത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ടീം. രാജസ്ഥാന്‍ 10 മത്സരങ്ങളില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.