IPL 2022 : ദയനീയം വിരാട് കോലി! അമ്പരപ്പ് മാറാതെ ആരാധകര്‍; ആശ്വസിപ്പിച്ച് സഞ്ജയ് ബംഗാര്‍- വീഡിയോ വൈറല്‍
താരത്തിന്റെ മോശം ഫോം ആരാധകര്‍ക്ക് അമ്പരപ്പാണ്. ഒരു ഘട്ടത്തില്‍ ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കുമെന്ന് കരുതിയ ബാറ്ററാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) വിരാട് കോലി (Virat Kohli) നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ (SRH) മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി പുറത്തായി. സീസണില്‍ കോലിയുടെ മൂന്നാം തവണയാണ് സംപൂജ്യനായി പുറത്താവുന്നത്. പുറത്തായ ശേഷം താരം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിപോകുന്നത് ദയനീയമായ കാഴ്ച്ചയായിരുന്നു. പുറത്തായ രീതിയാണ് ക്രിക്കറ്റ് ആരാധകരെ കൂടുതല്‍ വിഷമത്തിലാക്കിയത്.
താരത്തിന്റെ മോശം ഫോം ആരാധകര്‍ക്ക് അമ്പരപ്പാണ്. ഒരു ഘട്ടത്തില്‍ ക്രിക്കറ്റിലെ സകല റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കുമെന്ന് കരുതിയ ബാറ്ററാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത്. ഇതിനിടെ ഡ്രസിംഗ് റൂമിലെ ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. നിരാശനായി കോലി ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുന്നതും അദ്ദേഹത്തെ ആര്‍സിബി പരിശീലകന്‍ സഞ്ജയ് ബംഗാര്‍ ആശ്വസിപ്പിക്കുന്ന വീഡിയോയായിരുന്നത്. വീഡിയോ കാണാം...
മത്സരത്തില്‍ 67 റണ്‍സിനാണ് ആര്‍സിബി ജയിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഹൈദരാബാദ് നിരയില്‍ രാഹുല്‍ ത്രിപാഠിയൊഴികെ (37 പന്തില്‍ 58) മറ്റാര്‍ക്കും തിളങ്ങാനായില്ല.
നേരത്തെ, ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (പുറത്താവാതെ 70) രജത് പടിദാര്‍ (48) എന്നിവരുടെ ഇന്നിംഗ്‌സാണ് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. എട്ട് പന്തില്‍ പുറത്താവാതെ 30 നേടിയ ദിനേശ് കാര്‍ത്തികും നിര്‍ണായക സംഭാവന നല്‍കി. വിരാട് കോലി നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ജഗദീഷ സുജിത് രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍സിബിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ആര്‍സിബി അതേ നാണയത്തില്‍ തിരിച്ചടിച്ചു.
ആദ്യ പന്തില്‍ തന്നെ കെയ്ന്‍ വില്യംസണ്‍ (0) റണ്ണൗട്ട്. അതേ ഓവറില്‍ അഭിഷേക് ശര്‍മ (0) ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അവര്‍ക്കായില്ല. എയ്ഡന്‍ മാര്‍ക്രം (21), നിക്കോളാസ് പുരാന്‍ (19), ജഗദീഷ സുജിത് (2), ശശാങ്ക് സിംഗ് (8), കാര്‍ത്തിക് ത്യാഗി (0), ഭുവനേശ്വര്‍ കുമാര്‍ (8), ഉമ്രാന്‍ മാലിക് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (2) പുറത്താവാതെ നിന്നു.
ഹസരങ്കയ്ക്ക് പുറമെ ജോസ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ജയത്തോടെ ആര്‍സിബി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 12 മത്സരങ്ങളില്‍ 14 പോയിന്റുമായി നാലാമതാണ് ആര്‍സിബി. 11 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ആറാമതാണ്.