ഇനി വേറെ വഴിയില്ല! അബദ്ധത്തിലൂടെ ടീമിലെത്തിയ ശശാങ്ക് സിംഗിനെ കൊണ്ട് വീഡിയോ ചെയ്യിപ്പിച്ച് പഞ്ചാബ് കിംഗ്‌സ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് വേണ്ടി കളിച്ചിട്ടുള്ള ശശാങ്കിനെ കഴിഞ്ഞ വര്‍ഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന താരലേലത്തില്‍ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല.

watch video punjab kings share shashank singhs post 

ദുബായ്: ഐപിഎല്‍ ലേലത്തിലൂടെ തന്നെ ടീമിലെത്തിച്ച പഞ്ചാബ് കിംഗ്‌സിന് നന്ദി പറഞ്ഞ് ശശാങ്ക് സിംഗ്. യഥാര്‍ത്ഥത്തില്‍ ആളുമാറിയാണ് ശശാങ്ക് പഞ്ചാബിലെത്തുന്നത്. ശശാങ്ക് സിംഗ് എന്ന് പേരുള്ള മറ്റൊരു താരത്തെ ടീമിലെത്തിക്കാനാണ് ടീം ശ്രമിച്ചിരുന്നത്. എന്നാല്‍ ശശാങ്ക് സിംഗ് എന്ന് കേട്ടതും പഞ്ചാബ് ചാടിയെഴുന്നേറ്റു. 20 ലക്ഷം അടിസ്ഥാന വിലയുള്ള 32കാരനെ അബദ്ധത്തില്‍ ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ പഞ്ചാബ് ടീമിലെത്തിക്കാന്‍ കരുതിയത് 19കാരനായ മറ്റൊരു ശശാങ്കിനെയായിരുന്നു. 

സണ്‍റൈസേഴ്സ് ഹൈദരാബാദ് വേണ്ടി കളിച്ചിട്ടുള്ള ശശാങ്കിനെ കഴിഞ്ഞ വര്‍ഷം ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. പിന്നീട് നടന്ന താരലേലത്തില്‍ ആരും ശശാങ്കിനെ വിളിച്ചിരുന്നില്ല. ആങ്കര്‍ മല്ലിക സാഗര്‍, ശശാങ്കിന്റെ പേര് വിളിച്ചപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് താരത്തിന് വേണ്ടി രംഗത്ത് വന്നു. എന്നാല്‍ മറ്റു ഫ്രാഞ്ചൈസികളാരും ശ്രമിച്ചതുമില്ല. ഇതോടെ ലേലം ഉറപ്പിച്ചു. അപ്പോഴാണ് ടീം ഉടമകളായ നെസ് വാഡിയക്കും പ്രീതി സിന്റയ്ക്കും അബദ്ധം മനസിലായത്. അവര്‍ ഇക്കാര്യം മല്ലികയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ലേലം ഉറപ്പിച്ച ശേഷം പിന്‍വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് മല്ലികയും മറുപടി നല്‍കി. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാനാവില്ലെന്നും അറിയിച്ചു.

ഇതോടെ പഞ്ചാബിന് താരത്തെ സ്വന്തമാക്കേണ്ടി വന്നു. പിന്നാലെ ശശാങ്ക് ലൈവില്‍ വരുന്ന വീഡിയോയും പങ്കുവച്ചു. പഞ്ചാബിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും തന്റെ കഴിവില്‍ വിശ്വസിച്ച പഞ്ചാബ് മാനേജ്‌മെന്റിനോട് കടപ്പെട്ടിരിക്കുന്നുവെന്നും ശശാങ്ക് വീഡിയോയില്‍ പറയുന്നുണ്ട്. സഹതാരങ്ങളെ കാണാന്‍ കാത്തിരിക്കുകയാണെന്നും തന്റെ കഴിവിന്റെ പരമാവധി നല്‍കുമെന്നും ശശാങ്ക് വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ കാണാം... 

ഫ്രാഞ്ചൈസിക്ക് അവരുടെ തന്ത്രങ്ങളില്‍ അവ്യക്തതയുള്ളതായി തോന്നുന്നുവെന്ന് സംഭവത്തെ കുറിച്ച് അവതാരകന്‍ സുഹൈല്‍ ചന്ദോകും വ്യക്തമാക്കി. പദ്ധതികളില്‍ വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 11.75 കോടി രൂപയ്ക്ക് ടീമിലെത്തിയ ഹര്‍ഷല്‍ പട്ടേലാണ് ടീമിന്റെ ഏറ്റവും വിലയേറിയ താരം. 55 ടി20കള്‍ കളിച്ചിട്ടുള്ള ശശാങ്ക് 135.83 സ്ട്രൈക്ക് റേറ്റില്‍ 724 റണ്‍സും 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഐപിഎല്‍ താരലേലത്തില്‍ ആരുമെടുത്തില്ല! പിന്നാലെ മറുപടി കൊടുത്ത് ഫില്‍ സാള്‍ട്ട്; അതും വെടിക്കെട്ട് സെഞ്ചുറിയോടെ

Latest Videos
Follow Us:
Download App:
  • android
  • ios