'ടോപ് ഓഫ് ഓഫ്സ്റ്റംപ്'! രാഹുലിന്റെ പ്രതിരോധം തകര്‍ത്ത കമ്മിന്‍സിന്റെ മാജിക്ക് പന്ത്; കാണാം വീഡിയോ
പ്രതിരോധിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴയ്ക്കുകയായിരുന്നു. ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത് പിച്ച് ചെയ്ത ശേഷം ഡിവീയേറ്റ് ഓഫ് സ്റ്റംപിന്റെ മുകളില്‍ പതിച്ചു.
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം സെഷനില്‍ തന്നെ രോഹിത് ശര്‍മ (3), കെ എല്‍ രാഹുല്‍ (24) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും മടക്കിയത്. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സായിരുന്നു. നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.
രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബോളണ്ടിന് ക്യാച്ച്. പിന്നാലെ രാഹുലും മടങ്ങി. കമ്മിസിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. അതും ഒരു തകര്‍പ്പന്‍ പന്തില്‍. പ്രതിരോധിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴയ്ക്കുകയായിരുന്നു. ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത് പിച്ച് ചെയ്ത ശേഷം ഡിവീയേറ്റ് ഓഫ് സ്റ്റംപിന്റെ മുകളില്‍ പതിച്ചു. കമ്മിന്‍സിന്റെ ഏറ്റവും മികച്ച പന്തുകളിലൊന്നെന്നാണ് കമന്റേറ്റര്‍മാര്‍ പറയുന്നത്. വീഡിയോ കാണാം...
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 82 എന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (38), വിരാട് കോലി (15) എന്നിവരാണ് ക്രീസില്‍. മെല്‍ബണില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് സ്മിത്തിന്റെ സെഞ്ചുറിക്ക് പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു. പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ആറിന് 311 എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ആരംഭിക്കുന്നത്. ഇന്ന് സ്മിത്തിന് പുറമെ പാറ്റ് കമ്മിന്‍സ് (49), മിച്ചല്‍ സ്റ്റാര്‍ക്ക് (15), നതാന്‍ ലിയോണ്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
സ്മിത്ത് - കമ്മിന്‍സ് സഖ്യത്തെ പുറത്താക്കി ഓസീസിനെ പെട്ടന്ന് എറിഞ്ഞിടാമെന്ന ഇന്ത്യയുടെ മോഹം നടന്നില്ല. ഇരുവരും 112 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ജഡേജുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കിയാണ് കമ്മിന്‍സ് മടങ്ങുന്നത്. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ജഡേജ ബൗള്‍ഡാക്കി. വൈകാതെ സ്മിത്ത് നിര്‍ഭാഗ്യകരമായി ബൗള്‍ഡായി. ആകാശ് ദീപിനെ ക്രീസ് വിട്ട് ഓഫ് സൈഡിലൂടെ കളിക്കാനായിരുന്നു സ്മിത്തിന്റെ പദ്ധതി.
എന്നാല്‍ താരത്തിന് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ബാറ്റിനരികില്‍ തട്ടിയ പന്ത് പിന്നീട് താരത്തിന്റെ ദേഹത്ത് കൊണ്ട് സ്റ്റംപിലേക്ക്. സ്റ്റംപിലേക്ക് ഉരുണ്ട പോകുന്ന പന്ത് തട്ടിയകറ്റാവുന്നതിനേക്കാള്‍ ദൂരത്തിലായിരുന്നു സ്മിത്ത്. മൂന്ന് സിക്സും 13 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിംഗ്സ്. ലിയോണിനെ ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഓസീസ് ഇന്നിംഗ്സ് അവസാനിച്ചു.