ആരാധക രോഷം ഒരു വശത്ത്! പിന്നാലെ സഞ്ജുമായി സൗഹൃദം പങ്കുവച്ച് ഡല്‍ഹി കാപിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍
ഡല്‍ഹി കാപിറ്റല്‍സ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ദില്ലി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണുമായി സൗഹൃദം പങ്കുവച്ച് ഡല്‍ഹി കാപിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. നേരത്തെ അദ്ദേഹത്തിനെതിരെ ആരാധക രോഷമുണ്ടായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ സഞ്ജു വിവാദ തീരുമാനത്തില്‍ പുറത്താവുമ്പോള്‍ ടിവി അംപയറുടെ തീരുമാനം വരുന്നതിന് മുമ്പെ അദ്ദേഹം താരത്തിനെതിരെ ആക്രോശിക്കുന്നുണ്ടായിരുന്നു. ശരിക്കും ആരാധകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വീഡിയോ ആയിരുന്നത്.
അത് ഔട്ടാണെന്ന് ജിന്‍ഡാല്‍ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുകയായിരുന്നു. സംഭവം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോളുകളാണ് അദ്ദേഹത്തിനെതിരെ വന്നതത്. വീഡിയോ കാണാം...
ഇതിനിടെയാണ് പുതിയ വീഡിയോ ഡല്‍ഹി കാപിറ്റല്‍സ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സഞ്ജുവും രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദലെയുമായി അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ടി20 ലോകകപ്പിന് ഒരുങ്ങുന്ന സഞ്ജുവിന് അദ്ദേഹം അശംസ നേര്‍ന്നുവെന്നും പോസ്റ്റില്‍ പറയുന്നു. ഡല്‍ഹി കാപിറ്റല്‍സ് പങ്കുവച്ച പോസ്റ്റ് കാണാം...
പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തിലാണ് സഞ്ജു മടങ്ങുന്നത്. ലോംഗ് ഓണിലേക്ക് സിക്‌സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാല്‍ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു.
മത്സരം 20 റണ്‍സിനാണ് കാപിറ്റല്‍സ് ജയിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.