അശ്വിനെതിരെ എറിഞ്ഞ അതേ പന്ത്! തോല്‍വിക്ക് പിന്നാലെ നവാസിന് നേരെ ക്രുദ്ധനായി പാഞ്ഞടുത്ത് ബാബര്‍ അസം -വീഡിയോ
പാകിസ്ഥാന്‍ പരാജയപ്പെടുമ്പോള്‍ അവരുടെ സ്പിന്നര്‍ മുഹമ്മദ് നവാസ് ഒരിക്കല്‍കൂടി പ്രതിസ്ഥാനത്ത് വരികയാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെടുമ്പോള്‍ താരം വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു.
ചെന്നൈ: ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. തുടര്‍ച്ചയായ നാലാം തോല്‍വിയാണ് പാകിസ്ഥാന്‍ ഇന്നലെ നേരിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ചെന്നൈ, എം എ ചിംദബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവരില്‍ ലക്ഷ്യം മറികടന്നു.
പാകിസ്ഥാന്‍ പരാജയപ്പെടുമ്പോള്‍ അവരുടെ സ്പിന്നര്‍ മുഹമ്മദ് നവാസ് ഒരിക്കല്‍കൂടി പ്രതിസ്ഥാനത്ത് വരികയാണ്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെടുമ്പോള്‍ താരം വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. ആ മത്സരത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ നവാസ് നോബൗള്‍ വഴങ്ങിരുന്നു. ആ പന്ത് കോലി സിക്‌സ് നേടുകയും ചെയ്്തു. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ രണ്ട് റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ നവാസ് ലെഗ്‌സൈഡില്‍ വൈഡ് എറിഞ്ഞു. അവസാന പന്ത് ബൗണ്ടറി പായിച്ച് അശ്വിന്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
സമാനരീതിയലാണ് നവാസ് ഇന്നലേയും പന്തെറിഞ്ഞത്. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ തന്റെ പേസര്‍മാരെയെല്ലാം നേരത്തെ ഉപയോഗിച്ചിരുന്നു. വാലറ്റക്കാര്‍ ക്രീസില്‍ നില്‍ക്കെ പേസര്‍മാരെ ഉപയോഗിച്ച് തീര്‍ക്കാമെന്ന് തന്ത്രമാണ് ബാബര്‍ പയറ്റിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വാലറ്റം മനോഹരമായി പ്രതിരോധിച്ചു. ഷഹീന്‍ അഫ്രീദി, വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവര്‍ ക്വാട്ട 47 ഓവറിന് മുമ്പ് പൂര്‍ത്തിയായി. അവസാന ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കേണ്ടതായി വന്നു.
നവാസ് പന്തെറിയാന്‍ വരുമ്പോള്‍ അഞ്ച് റണ്‍സാണ് പാകിസ്ഥാന്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ഷംസി സിംഗിള്‍ നേടിയ. രണ്ടാം പന്തില്‍ അശ്വിനെതിരെ എറിഞ്ഞത് പോലെ ലെഗ് സൈഡിലേക്ക്. ഇത്തവണ കേശവ് മഹാരാജ് ഒരു ഗ്ലാന്‍സിലൂടെ ബൗണ്ടറി നേടി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തുകയും ചെയ്തു. പന്ത് ബൗണ്ടറി പോയതോടെ ബാബറിന് ദേഷ്യം അടക്കിവെക്കാനായില്ല. അദ്ദേഹം നവാസിന് നേരെ ക്രുദ്ധനായി പാഞ്ഞടുത്തു. വീഡിയോ കാണാം...
പാകിസ്ഥാന് ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെ തോല്‍പ്പിച്ചാല്‍ മാത്രമെ നേരിയ രീതിയിലുള്ള എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കൂ.