'താഴത്തില്ലെടാ'! അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ പുഷ്പ സ്റ്റൈല്‍ ആഘോഷവുമായി നിതീഷ്

ഇന്ന് രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരാണ് മടങ്ങിയത്.

watch video nitish kumar reddy pushpa style celebration after half century

മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കിടയിലും തരംഗമായി പുഷ്പ. ഇന്ത്യന്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് അല്ലു അര്‍ജുന്റെ പുഷ്പ സ്റ്റൈല്‍ ആഘോഷം നടത്തിയത്. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നാലാം ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോഴാണ് താരം അല്ലുവിന്റെ കഥാപാത്രത്തെ അനുകരിച്ചത്. നിതീഷ് 62 റണ്‍സുമായി ഇപ്പോഴും ക്രീസിലുണ്ട്. വാഷിംഗ്ടണ്‍ സുന്ദറാണ് (33) അദ്ദേഹത്തിന് കൂട്ടിനുള്ളത്. ഓസീസിന്റെ ഒന്നാം ഇന്നംഗ്‌സ് സ്‌കോറായ 474നെതിരെ  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 294 റ ണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാനും ഇന്ത്യക്ക് സാധിച്ചു. ഓസീസിന് വേണ്ടി സ്‌കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സിന് രണ്ട് വിക്കറ്റുണ്ട്. 

ഇന്ന് രണ്ട് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (28), രവീന്ദ്ര ജഡേജ (17) എന്നിവരാണ് മടങ്ങിയത്. ബോളണ്ടിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തിലാണ് പന്ത് പുറത്താവുന്നത്. അതിന് തൊട്ട് മുമ്പുള്ള പന്തിലും ഇന്ത്യ ഷോട്ടിന് ശ്രമിച്ച് റിഷഭ് പരാജയപ്പെട്ടിരുന്നു. ഒരിക്കല്‍ കൂടി ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു താരം. പിന്നാലെ ജഡേജ, നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് ഇതുവരെ നിതീഷ് - സുന്ദര്‍ സഖ്യം 73 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ നിതീഷ് അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. പരമ്പരയിലൊന്നാകെ നന്നായി കളിച്ച നിതീഷിന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നാലെ പുഷ്പ സ്റ്റൈല്‍ ആഘോഷം. വീഡിയോ കാണാം...

നേരത്തെ ഓസീസിന്റെ 474നെതിരെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് റണ്‍സെടുത്ത് രോഹിത് ശര്‍മയാണ് ആദ്യം മടങ്ങുന്നത്. പിന്നാലെ കെ എല്‍ രാഹുലിനെ (24) കമ്മിന്‍സ് ബൗള്‍ഡാക്കി. രണ്ട് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി (36)  ജയ്‌സ്വാള്‍ കൂട്ടുകെട്ടായിരുന്നു. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഓസീസ് ബൗളര്‍ക്കെതിരെ ആധിപത്യം നേടിയ ജയ്‌സ്വാള്‍ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി.  കോലിയുമായുള്ള ആശയക്കുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. ജയ്‌സ്വാള്‍ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു. എന്നാല്‍ കോലിയാവട്ടെ അവിടെ ഒരു റണ്ണില്ലെന്ന മട്ടില്‍ നിന്നു. പന്തെടുത്ത കമ്മിന്‍സ് ബാറ്റിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി പന്ത് കയ്യിലൊതുക്കി ബെയ്ല്‍സ് ഇളക്കി. ഒരു സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. 

തൊട്ടുപിന്നാലെ കോലിയും മടങ്ങി. ബോളണ്ടിന്റെ പന്ത് ബാറ്റിലുരസിയപ്പോള്‍ അനായാസം ക്യാരി കയ്യിലൊതുക്കി.നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപിന് (0) 13 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന് വിക്കറ്റ്. നേരത്തെ, സ്റ്റീവന്‍ സ്മിത്തിന്റെ (140) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പുറമെ മര്‍നസ് ലബുഷെയ്ന്‍ (72), സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57) എന്നിവരും അര്‍ധ സെഞ്ചുറികളും ഗുണം ചെയ്തിരുന്നു.  പരമ്പരയില്‍ സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. കരിയറില്‍ 34-ാം സെഞ്ചുറിയും. ജസ്പ്രിത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റും വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios