'എന്തൊരു ഗതികേട്, നന്നായി കളിച്ചുവരികയായിരുന്നു'! രോഹിത് കാരണം പരിഹസിക്കപ്പെട്ട് രാഹുല്‍
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാമനാണ് രാഹുല്‍. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 259 റണ്‍സ്.
മെല്‍ബണ്‍: ഓപ്പണറുടെ റോളില്‍ തിരിച്ചെത്തിയിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. മെല്‍ബണില്‍ ഒന്നാം ഇന്നിംഗ്‌സില്‍ താരം വെറും മൂന്ന് റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു രോഹിത്. സ്‌കോട്ട് ബോളണ്ടിനായിരുന്നു ക്യാച്ച്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ഇന്നിംഗ്‌സില്‍ ഇതുവരെ 22 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്.
ആദ്യ മൂന്ന് ഇന്നിംഗ്‌സിലും രോഹിത് ആറാം നമ്പറിലായിരുന്നു കളിച്ചിരുന്നത്. എന്നാല്‍ മെല്‍ബണില്‍ തന്റെ ഇഷ്ട പൊസിഷനിലേക്ക് താരം മടങ്ങിയെത്തി. എന്നിട്ടും റണ്‍സ് വന്നില്ല. രോഹിത് ഓപ്പണറായി തിരിച്ചെത്തിയപ്പോള്‍ കെ എല്‍ രാഹുലിന് മൂന്നാം സ്ഥാനത്ത് കളിക്കേണ്ടി വന്നു. സ്ഥാനം മാറിയത് രാഹുലിനേയും ബാധിച്ചു. 24 റണ്‍സെടുത്ത രാഹുലിനെ കമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു. ഇതിനിടെ രാഹുലിനെ ഓസ്‌ട്രേലിയന്‍ താരം നതാന്‍ ലിയോണ്‍ പരിഹസിക്കുകയും ചെയ്തു. രാഹുല്‍ ക്രീസിലെത്തിയപ്പോള്‍ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ ചോദിക്കുന്നുണ്ടായിരുന്നു... ''വണ്‍ ഡൗണ്‍ ആയി ബാറ്റ് ചെയ്യാന്‍ മാത്രം എന്ത് തെറ്റാണ് നിങ്ങള്‍ ചെയ്തത്?'' എന്ന്. രാഹുല്‍ ഇതിന് മറുപടിയൊന്നും പറയുന്നുമില്ല. വീഡിയോ കാണാം...
പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാമനാണ് രാഹുല്‍. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 259 റണ്‍സ്. എന്നിട്ടും രാഹുലിനെ മാറ്റിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. മെല്‍ബണ്‍ ടെസ്റ്റിന് മുമ്പ് കളിച്ച 13 ഇന്നിംഗ്‌സുകളില്‍ 11.83 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഒരുതവണ മാത്രമാണ് രോഹിത് അര്‍ധസെഞ്ചുറി പിന്നിട്ടത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും രോഹിത്തിന് തിളങ്ങാനായിരുന്നില്ല.
ഈ പ്രകടനവുമായി ഇനിയും ടീമില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും എത്രയും വേഗം വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ് രോഹിത് ചെയ്യേണ്ടതെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ചിലര്‍ താരത്തെ ജസ്പ്രിത് ബുമ്രയോട് താരതമ്യം ചെയ്യുന്നുണ്ട്. ബുമ്ര ഇതുവരെ 25 വിക്കറ്റ് വീഴ്ത്തിയെന്നും അത്രപോലും റണ്‍സെടുക്കാന്‍ രോഹിത്തിന് സാധിക്കുനനില്ലെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്.