33 പന്തില്‍ സെഞ്ചുറി, സിക്‌സുകളുടെ പെരുമഴ! ടി20 ക്രിക്കറ്റിലെ വേഗമേറിയ ശതകം ഇനി നമീബിയന്‍ താരത്തിന്റെ പേരില്‍
11 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. നേപ്പാളിന്റെ തന്നെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ സ്വന്തം പേരിലാക്കിയത്.
കിര്‍ത്തിപൂര്‍: ടി20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കി നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റോണ്‍. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരായ മത്സരത്തിലാണ് താരം റെക്കോര്‍ഡിട്ടത്. 33 പന്തിലാണ് താരത്തിന്റെ സെഞ്ചുറിയിലെത്തിയത്. മത്സരം 20 റണ്‍സിന് നമീബിയ ജയിക്കുകയും ചെയ്തിരുന്നു. 11-ാം ഓവറില്‍ നമീബിയ മൂന്നിന് 62 എന്ന നിലയില്‍ നില്‍ക്കെയാണ് നിക്കോള്‍ ബാറ്റിംഗിനെത്തുന്നത്.
പിന്നീട് 11 ഫോറും എട്ട് സിക്‌സുകളും ഉള്‍പ്പെടെ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. നേപ്പാളിന്റെ തന്നെ കുശാള്‍ മല്ലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നിക്കോള്‍ സ്വന്തം പേരിലാക്കിയത്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മംഗോളിയക്കെതിരായ മത്സരത്തില്‍ 34 പന്തില്‍ കുശാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. പന്തെടുത്തപ്പോള്‍ നിക്കോള്‍ രണ്ട് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. മത്സരത്തിലെ താരവും നിക്കോള്‍ ആയിരുന്നു.
ടോസ് നേടി ബാറ്റിംഗിനെത്തിയ നമീബിയ നിക്കോളിന്റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. നിക്കോളിന് പുറമെ മലാന്‍ ക്രുഗര്‍ (48 പന്തില്‍ പുറത്താവാതെ 59) മികച്ച പ്രകടനം പുറത്തെടുത്തു. മൈക്കല്‍ വാന്‍ ലിങ്കന്‍ (20), ജെപി കോട്‌സീ (11), ജാന്‍ ഫ്രിലിംഗ്‌സ് (5) എന്നിവരുടെ വിക്കറ്റുകളും നമീബിയക്ക് നഷ്ടമായി. നേപ്പാളിന് വേണ്ടി രോഹിത് പൗഡേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ നേപ്പാള്‍ 18.5 ഓവറില്‍ 186ന് എല്ലാവരും പുറത്താവുകയായിരുന്നു. 48 റണ്‍സ് നേടിയ ദിപേന്ദ്ര സിംഗ് ഐരിയാണ് ടോപ് സ്‌കോറര്‍. പൗഡേല്‍ (42), കുശാള്‍ മല്ല (32) സോംപാല്‍ കമി (26) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. നിക്കോളിന് പുറമെ റൂബന്‍ ട്രംപെല്‍മാന്‍ നമീബിയക്ക് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.