എങ്ങോട്ടാ കയറിപോകുന്നത്? ക്രീസില്‍ നില്‍ക്ക്; മങ്കാദിംഗ് അവസരമുണ്ടായിട്ടും അവസരം നല്‍കി സ്റ്റാര്‍ക്ക്- വീഡിയോ

മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിയുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരം തെനിസ് ഡി ബ്രൂയ്‌നെ ഇത്തരത്തില്‍ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്ക് വാര്‍ണിംഗ് കൊടുക്കുക മാത്രമാണ് ചെയ്തത്.

Watch video mitchell starc threatens Theunis de Bruyn with mankading

മെല്‍ബണ്‍: അടുത്ത കാലത്താണ് ഐസിസി മങ്കാദിംഗ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ബൗളര്‍ പന്ത് എറിയുന്നതിന് മുമ്പ് നോണ്‍സ്‌ട്രൈക്കിലെ ബാറ്റര്‍ ക്രീസിന് പുറത്തിറങ്ങിയാല്‍ ബൗളര്‍ക്ക് പുറത്താക്കാനുള്ള അവസരമുണ്ട്. ഇപ്പോള്‍ റണ്ണൗട്ടിന്റെ പരിധിയിലാണ് ഇത്തരത്തിലുള്ള പുറത്താകലുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ 'ചതി പ്രയോഗം' എന്നാണ് ഇത്തരം പുറത്താക്കലുകളെ വിളിച്ചിരുന്നത്. എന്നാലിപ്പോള്‍ അങ്ങനെയല്ല. 

അതുകൊണ്ടുതന്നെ ബാറ്റര്‍മാര്‍ മിക്കവരും ക്രീസില്‍ തന്നെ നില്‍ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ രസകരമായ ഒരു സംഭവമുണ്ടായി. മിച്ചല്‍ സ്റ്റാര്‍ക്ക് പന്തെറിയുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരം തെനിസ് ഡി ബ്രൂയ്‌നെ ഇത്തരത്തില്‍ പുറത്താക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്ക് വാര്‍ണിംഗ് കൊടുക്കുക മാത്രമാണ് ചെയ്തത്. ക്രീസില്‍ തന്നെ നില്‍ക്കാന്‍ സ്റ്റാര്‍ക്ക് ആവശ്യപ്പെടുകയും ചെയ്തു. ക്രീസ് വരച്ചിരിക്കുന്നതിന് ഒരു കാരണമുണ്ടെന്നും സ്റ്റാര്‍ക്ക് പറയുന്നുണ്ടായിരുന്നു. വീഡിയോ കാണാം...

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നാലാം ദിനം ഇന്നിംഗ്‌സിനും 182 റണ്‍സിനുമാണ് ഓസീസ് ജയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ 386 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു. തെംബ ബാവുമയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒന്ന് പൊരുതി നോക്കാനുള്ള കെല്‍പ്പുണ്ടായിരുന്നുള്ളൂ. 144 പന്തില്‍ ബാവുമ്മ 65 റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. സ്‌കോട്ട് ബോളണ്ടിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. 

നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായിരുന്നു. . അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 145 ഓവറില്‍ 575/8 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തത്. ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറിയുടെയും അലക്സ് ക്യാരിയുടെ സെഞ്ചുറിയുടെയും സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും കരുത്തിലാണ് ഓസീസ് സംഘം വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios