കോണ്‍സ്റ്റാസിന്റെ കിളി പറത്തി ബുമ്ര! ബൗള്‍ഡാക്കിയ ശേഷം ഓസീസ് താരത്തിന്റെ തന്നെ ആഘോഷം അനുകരിച്ച് യാത്രയാക്കി
എട്ട് റണ്‍സെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കി. ചെറിയൊരു പകരം വീട്ടല്‍. പുറത്താക്കിയ ശേഷമുള്ള ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മെല്‍ബണ്‍: ഇന്ത്യക്കെതിരെ നാലാം ടെസറ്റില്‍ ഓസ്‌ട്രേലിയന്‍ യുവ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് വരവറിയിച്ചത്. മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് 65 പന്തില്‍ 60 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്‌സ്. ഇതില്‍ രണ്ട് സിക്‌സുകളും ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്‌ക്കെതിരെ ആയിരുന്നു. ബുമ്രയുടെ ഒരോവറില്‍ 18 റണ്‍സാണ് കോണ്‍സ്റ്റാസ് അടിച്ചെടുത്തത്. ടെസ്റ്റില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ബുമ്ര ഒരു സിക്‌സ് വഴങ്ങുന്നത്.
ബുമ്രയ്‌ക്കെതിരെ അത്തരത്തില്‍ കളിച്ചതുകൊണ്ടുതന്നെ കോണ്‍സ്റ്റാസിന്റെ പേര് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ കോണ്‍സ്റ്റാസിന് തിളങ്ങാനായില്ല. എട്ട് റണ്‍സെടുത്ത താരത്തെ ബുമ്ര ബൗള്‍ഡാക്കി. ചെറിയൊരു പകരം വീട്ടല്‍. പുറത്താക്കിയ ശേഷമുള്ള ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരത്തെ, കോലി ഒന്നാം ഇന്നിംഗ്‌സില്‍ പുറത്തായപ്പോള്‍ കോണ്‍സ്റ്റാസ് കാണിച്ച അതേ ആഘോഷ പ്രകടനമാണ് ബുമ്രയും കാണിച്ചത്. വീഡിയോ കാണാം...
നേരത്ത, ഓസ്‌ട്രേലിയ 105 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറോയ 474നെതിരെ ഇന്ത്യ 369ന് പുറത്താവുകയായിരുന്നു. തലേ ദിവസത്തെ സ്‌കോറിനോട് 11 റണ്‍സാണ് ഇന്ത്യ നാലാം ദിനം കൂട്ടിചേര്‍ത്തത്. 114 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. നതാന്‍ ലിയോണിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം ഇന്നിംഗ്്‌സ് ആരംഭിച്ച ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്തിട്ടുണ്ട്. ഉസ്മാന്‍ ഖവാജ (21)യുടെ വിക്കറ്റും ഓസീസിന് നഷ്ടമായി. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. മര്‍നസ് ലബുഷെയ്ന്‍ (16), സ്റ്റീവന്‍ സ്മിത്ത് (0) എന്നിവരാണ് ക്രീസില്‍.
എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടണ്‍ സുന്ദറും മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവനനത്. ആദ്യം ഫോളോ ഓണ്‍ ഭീഷണി മറികടത്തിയ ഇരുവരും ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാത്തിയ ഉടന്‍ പുഷ്പ സ്‌റ്റൈലില്‍ ആഘോഷിച്ച നിതീഷ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ലിയോണിന്റെ പന്തില്‍ സുന്ദര്‍ (50) വീഴുമ്പോള്‍ ഇന്ത്യ 348 റണ്‍സിലെത്തിയിരുന്നു.
127 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാല ജസ്പ്രീത് ബുമ്ര കൂടി വീണതോടെ അര്‍ഹിച്ച സെഞ്ചുറി നഷ്ടമാകുമെന്ന് തോന്നിച്ചെങ്കിലും മുഹമ്മദ് സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് സെഞ്ചുറി തികച്ചു. സ്‌കോട് ബോളണ്ടിനെ സ്‌ട്രൈറ്റ് ബൗണ്ടറി കടത്തിയാണ് നിതീഷ് തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി തികച്ചത്.