മാഞ്ചസ്റ്റര്‍ ഡാര്‍ബിക്ക് കോലിയും ഗില്ലും സൂര്യയും! യുവരാജിന് കിട്ടിയത് ഇവര്‍ക്കാര്‍ക്കും ലഭിക്കാത്ത സ്വീകരണം
മറ്റൊരു ശ്രദ്ധേയ സാന്നിധ്യം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗായിരുന്നു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ അതിഥിയായിട്ടാണ് യുവരജ് വെബ്ലിയിലെത്തിയത്.
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്് ടീം. ബുധനാഴ്ച്ച ഓസ്‌ട്രേലിയക്കെതിരെയാണ് ഫൈനല്‍. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിരാട് കോലി, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാവരുമുണ്ട്.
2011 ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഒരു ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. കിരീടം നേടണന്നുള്ള ഉറച്ച് തീരുമാനത്തില്‍ കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം.
പരിശീലനം നടത്തുന്നതിനൊപ്പം ഇംഗ്ലീഷ് ഫുട്‌ബോള്‍ ആസ്വദിക്കുന്നുമുണ്ട് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റി - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ താരങ്ങളെത്തിയിരുന്നു. വിരാട് കോലി, ഭാര്യ അനുഷ്‌ക ശര്‍മ, സൂര്യകുമാര്‍ യാദവ്, ഭാര്യ ദെവിഷ ഷെട്ടി എന്നിവരെല്ലാം സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
മറ്റൊരു ശ്രദ്ധേയ സാന്നിധ്യം മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗായിരുന്നു. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്റെ അതിഥിയായിട്ടാണ് യുവരജ് വെബ്ലിയിലെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്‌സി അണിഞ്ഞെത്തിയ യുവരാജിന് വലിയ രീതിയിലുള്ള സ്വീകരണവും ലഭിച്ചു. അദ്ദേഹത്തിന് വേണ്ടി ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും കാണാമായിരുന്നു. വീഡിയോ കാണാം...
മത്സരം സിറ്റി 2-1ന് സ്വന്തമാക്കിയിരുന്നു. എഫ്എ കപ്പ് ചരിത്രത്തിലാദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇല്‍കെ ഗുണ്ടോഗന്റെ വകയായിരുന്നു സിറ്റിയുടെ ഇരു ഗോളുകളും. ഇതില്‍ ആദ്യ ഗോള്‍ കിക്കോഫായി 13-ാം സെക്കന്‍ഡിലായിരുന്നു. എഫ്എ കപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ വേഗമേറിയ ഗോളാണിത്. ഗുണ്ടോഗന്റെ ഇരു ഗോളുകളും കെവിന്‍ ഡിബ്രൂയിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയായിരുന്നു യുണൈറ്റഡിന്റെ ഏക ഗോള്‍ മറുപടി.
ഇന്ത്യയോ, ഓസ്‌ട്രേലിയയോ? ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സമനിലയില്‍ അവസാനിച്ചാല്‍ കപ്പ് ആര് നേടും?