ധോണിയെ കാണാന്‍ ആരാധകന്‍ താണ്ടിയത് 1200 കിലോമീറ്റര്‍! യുവാവിന് മുഖം കൊടുക്കാതെ ഇതിഹാസ നായകന്‍ -വീഡിയോ
ധോണിയുടെ ഫാം ഹൗസിന്റെ കവാടത്തില്‍ എത്തിയ ഗൗരവ് ക്യാംപ് ചെയ്ത് ഒരാഴ്ചയോളം ക്ഷമയോടെ കാത്തിരുന്നു.
റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ലോകത്തിന്റെ എല്ലാ കോണുകളിലും ആരാധകരുണ്ട്. ആരാധകരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ധോണി ഒട്ടും പിറകിലല്ലതാനും. ഇപ്പോള്‍ ധോണിയെ കാണാന്‍ റാഞ്ചിയിലെത്തിയ ഒരു ആരാധകന്റെ സൈക്കിള്‍ യാത്രയാണ് ചര്‍ച്ചയാകുന്നത്. ഗൗരവ് കുമാറാണ് ഡല്‍ഹിയില്‍ നിന്നും തന്റെ ഇഷ്ടതാരത്തെ കാണാനെത്തിയത്. ഏകദേശം 1,200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ഗൗരവ്, ധോണിയെ കാണാന്‍ റാഞ്ചിയിലെത്തിയത്.
ധോണിയുടെ ഫാം ഹൗസിന്റെ കവാടത്തില്‍ എത്തിയ ഗൗരവ് ക്യാംപ് ചെയ്ത് ഒരാഴ്ചയോളം ക്ഷമയോടെ കാത്തിരുന്നു. ഒരു കൂടാരത്തില്‍ താമസിച്ചു. തന്റെ കാത്തിരിപ്പിനൊടുവില്‍ ഇതിഹാസ ക്യാപ്റ്റന്‍ തന്റെ കാറില്‍ നിന്ന് കൈകാണിച്ചുകൊണ്ട് പോയി. തന്റെ ഫാം ഹൗസിന് പുറത്ത് ആരാധകരുമായി ഇടപഴകുന്നത് ധോണിയുടെ പ്രസിദ്ധമായ ശീലമാണെങ്കിലും, ഇത്തവണ അദ്ദേഹം നിര്‍ത്തിയില്ല. വീഡിയോ കാണാം...
ധോണിയെ കാണാനുള്ള ഗൗരവിന്റെ ആദ്യ ശ്രമമായിരുന്നില്ല ഇത്. മുമ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ഇതേ ലക്ഷ്യവുമായി ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് സൈക്കിള്‍ ചവിട്ടിയിരുന്നു, പക്ഷേ അന്നും വിധി അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. സോഷ്യല്‍ മീഡിയയില്‍ ഗൗരവിന്റെ ശ്രമത്തെ ക്രിക്കറ്റ് ലോകം അഭിനന്ദിക്കുന്നുണ്ട്. എന്നാല്‍ മറ്റു ചിലര്‍ 'കരിയറിനും മാതാപിതാക്കള്‍ക്കും സമയം നല്‍കണമെന്ന്' ഉപദേശിച്ചു. മറ്റൊരാള്‍ ഗൗരവിവെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. 'വിഷമിക്കേണ്ട, അത് തുടരുക.' ഒരിക്കല്‍ അദ്ദേഹത്തെ കാണാനാവുമെന്നുള്ള ആത്മവിശ്വാസമാണ് അദ്ദേഹം നല്‍കിയത്.
നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മാത്രമാണ് ധോണി കളിക്കുന്നത്. ഈ സീസണില്‍ കൂടി അദ്ദേഹം സിഎസ്‌കെയില്‍ തുടരുമെന്നാണ് അറിയുന്നത്. ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ മാനേജ്‌മെന്റ് തയ്യാറായേക്കും.