സ്വിച്ചിട്ടത് പോലെ മഴ! കലി തീരാതെ മിച്ചല്‍ സ്റ്റാര്‍ക്ക്; അംപയോറോട് കയര്‍ത്തു -വീഡിയോ
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയും തമ്മിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്രിസ്‌ബേന്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ മഴ പലപ്പോഴും രസംകൊല്ലിയായിരുന്നു. രണ്ടാം ദിവസം മാത്രമാണ് കൂടുതല്‍ ഓവറുകള്‍ എറിയാന്‍ സാധിച്ചത്. ഇന്നും ഇന്നലേയും മഴ മത്സരത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുത്തി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. വാലറ്റം ചെറുത്തുനിന്നപ്പോള്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ ഇന്ത്യ ഇപ്പോഴും 193 റണ്‍സ് പിറകിലാണ്.
ഇതിനിടെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോയും തമ്മിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടര്‍ച്ചയായി മഴ കളി തടസപ്പെടുത്തിയപ്പോള്‍ സ്റ്റാര്‍ക്ക് നിരാശനായി. ഇടയ്ക്കിടെ ഗ്രൗണ്ട് വിടാന്‍ നിര്‍ബന്ധിതരായപ്പോള്‍ അംപയറുമായി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം. ഇത് ആദ്യമായല്ല സ്റ്റാര്‍ക്ക് കാലാവസ്ഥയില്‍ നിരാശനാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഗ്രൗണ്ടില്‍ കാണാമായിരുന്നു. ഇന്ന് അംപയറുമായി പങ്കുവച്ച ആശങ്കയുടെ വീഡിയോ കാണാം...
രവീന്ദ്ര ജഡേജയുടെയും അവസാന വിക്കറ്റില്‍ ജസ്പ്രീത് ബുമ്ര - ആകാശ്ദീപ് കൂട്ടുകെട്ടിന്റെയും വീരോചിത ചെറുത്തുനില്‍പ്പിന്റെ കരുത്തിലാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്. പത്താം വിക്കറ്റില്‍ ആകാശ്ദീപും ബുമ്രയും ചേര്‍ന്ന് നേടിയ 39 റണ്‍സിന്റെ അപരാജിത ചെറുത്തുനില്‍പ്പിലൂടെയാണ് ഇന്ത്യ ഫോളോ ഓണ്‍ ഭീഷണി മറികടന്നത്. ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജ പുറത്താവുമ്പോള്‍ ഫോളോ ഓണ്‍ മറികട്ടാന്‍ ഇന്ത്യക്ക് 33 റണ്‍സ് വേണമായിരുന്നു.
31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ 10 റണ്‍സുമായ ജസ്പ്രീത് ബുമ്രയും ക്രീസില്‍. 77 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ ചെറുത്തുില്‍പ്പിനൊപ്പം 84 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനവും ഇന്ത്യയുടെ ചെറുത്തുനില്‍പ്പില്‍ നിര്‍ണായകമായി.