അഫ്ഗാന്റെ ചരിത്ര വിജയത്തിന് പിന്നാലെ റാഷിദ് ഖാന് താലിബാന്‍ വിദേശകാര്യമന്ത്രിയുടെ ഫോണ്‍ സന്ദേശം; വീഡിയോ
അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ്, അഫ്ഗാനിസ്ഥാന്റെ എതിരാളി.
ബാര്‍ബഡോസ്: ആദ്യമായി ടി20 ലോകകപ്പിന്റെ സെമിയിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അഫ്ഗാന്റെ സെമി പോരാട്ടം. അഫ്ഗാന്‍ ടീമിനെ വലിയ രീതിയിലുള്ള അഭിനന്ദന സന്ദേശങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. അതിലൊന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു. താലിബാന്‍ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാനുമായി സംസാരിച്ചത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുത്താഖി തകര്‍പ്പന്‍ വിജയത്തിന് റാഷിദിനെ അഭിനന്ദിക്കുന്നതായി കാണാം. റാഷിദിനും അഫ്ഗാനിസ്ഥാന്‍ ടീമിലെ മറ്റുള്ളവര്‍ക്കുമായി അദ്ദേഹത്തിന് ഒരു പ്രത്യേകം സംസാരിക്കുന്നുണ്ടായിരുന്നു. വീഡിയോ കാണാം...
സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്ട്രേലിയയും സൂപ്പര്‍ എട്ടില്‍ പുറത്തായി. 116 റണ്‍സ് വിജയലക്ഷ്യാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി.
12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു.
മോശമായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. തന്‍സിദ് ഹസന്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (5), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവര്‍ 23 റണ്‍സിനിടെ പുറത്തായി. തൗഹിദ് ഹൃദോയ് (14), സൗമ്യ സര്‍ക്കാര്‍ (10) എന്നിവരും വിക്കറ്റ് നല്‍കിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. 12.1 ഓവറില്‍ ജയിക്കുകയെന്ന് പിന്നീട് ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.