ഇതിനേക്കാള്‍ നന്നായി എങ്ങനെ അക്കൗണ്ട് തുറക്കും! സെവാഗ് സ്റ്റൈല്‍ കൂറ്റന്‍ സിക്‌സുമായി സഞ്ജു സാംസണ്‍- വീഡിയോ
നേരിട്ട മൂന്നാം പന്തില്‍ സ്റ്റെപ്‌ഔട്ട് ചെയ്ത് തബ്രൈസ് ഷംസിയെ സിക്‌സര്‍ പറത്തിയാണ് സഞ്ജു തന്‍റെ റണ്‍വേട്ട തുടങ്ങിയത്
ലഖ്‌നൗ: നാല് വിക്കറ്റ് നഷ്‌ടത്തില്‍ 51 റണ്‍സെന്ന നിലയില്‍ ടീം പതറുമ്പോള്‍ ക്രീസിലെത്തുക. എത്ര പരിചയസമ്പന്നനായ ബാറ്റര്‍ക്കും പിഴവുകള്‍ പറ്റാന്‍ സാധ്യതയേറെയുള്ള സാഹചര്യം. ബാറ്റ് വെച്ചാല്‍ വിക്കറ്റ് പോകുമോ എന്ന് ബാറ്റര്‍മാരുടെ നെഞ്ചില്‍ ഭയം ഇരച്ചുകയറുന്ന ഇങ്ങനെയൊരു നിമിഷത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തിയത്. എന്നാല്‍ ഭയമേതുമില്ലാതെ നേരിട്ട മൂന്നാം പന്തില്‍ സ്റ്റെപ്‌ഔട്ട് ചെയ്ത് തബ്രൈസ് ഷംസിയെ കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് സഞ്ജു തന്‍റെ റണ്‍വേട്ട തുടങ്ങിയത്.
നാല് വിക്കറ്റ് നഷ്‌ടമായിരിക്കേ ക്രീസിലെത്തിയ സഞ്ജു സാംസണെ കുടുക്കാന്‍ പ്രോട്ടീസ് നായകന്‍ തെംബാ ബാവുമ ഇറക്കിയത് നല്ല ടേണ്‍ കിട്ടുന്ന ഇടംകൈയന്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിയെ. ടേണുള്ള പിച്ചില്‍ സഞ്ജുവിനെ തളയ്ക്കാന്‍ ഓഫ്‌സൈഡിലും ലെഗ്‌സൈഡിലും സ്ലിപ് ഫീള്‍ഡര്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇതൊക്കെ പലവട്ടം കണ്ട് മറന്ന സഞ്ജു ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ തബ്രൈസ് ഷംസിയെ ക്രീസ് വിട്ടിറങ്ങി കടന്നാക്രമിക്കുകയായിരുന്നു. പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ അനായാസം ബൗണ്ടറിലൈനിന് മുകളിലൂടെ പറന്നു. തന്ത്രങ്ങളെല്ലാം പിഴച്ച ബാവുമ ഇതോടെ അന്തംവിട്ടുനിന്നു. കാണാം ഷംസിയെ പൊരിച്ച സഞ്ജുവിന്‍റെ തകര്‍പ്പന്‍ സിക്‌സര്‍.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 9 റണ്‍സിന് തോറ്റെങ്കിലും സഞ്ജു 63 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 86* റണ്‍സ് നേടി. സഞ്ജുവിന്‍റെ ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. സിക്‌സോടെ തുടങ്ങിയ സഞ്ജു പിന്നീട് കാലുറപ്പിച്ച ശേഷം ടോപ് ഗിയറിലായി മനോഹര ഇന്നിംഗ്‌സ് കാഴ്‌ചവെക്കുകയായിരുന്നു. മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് സഞ്ജു കൊടുങ്കാറ്റിനിടയിലും എട്ട് വിക്കറ്റിന് 240 റണ്‍സേ നേടാനായുള്ളൂ. ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കമുള്ള മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്.
സഞ്ജു സാംസണ്‍, നീ കയ്യടി അര്‍ഹിക്കുന്നു; താരത്തിന് ഇതിഹാസങ്ങളുടെ അഭിനന്ദപ്രവാഹം