വായുവില്‍ ജീവന്‍ പണയംവെച്ചുള്ള സൂപ്പര്‍ ക്യാച്ച്, സൂപ്പറായി രമന്ദീപ് സിംഗ്; എയറിലായി ദീപക് ഹൂഡ- വീഡിയോ
പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിയവരവ് ദീപക് ഹൂഡയ്‌ക്ക് കനത്ത നിരാശയായി
കൊല്‍ക്കത്ത: ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തില്‍ സൂപ്പര്‍ ക്യാച്ച്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലഖ്‌നൗവിന്‍റെ ദീപക് ഹൂഡയെ പുറത്താക്കാന്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ രമന്ദീപ് സിംഗാണ് ക്യാച്ചെടുത്തത്. ലഖ്‌നൗ ഇന്നിംഗ്‌സില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ നാലാം ഓവറിലെ നാലാം പന്തില്‍ ഹൂഡയുടെ ഷോട്ട് അല്‍പമൊന്ന് പിഴച്ചപ്പോള്‍ മുഴുനീള ഡൈവുമായി പന്ത് കൈക്കലാക്കുകയായിരുന്നു രമന്ദീപ്. ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി ഇത് മാറി. 10 പന്ത് ക്രീസില്‍ ചിലവഴിച്ച ഹൂഡയ്ക്ക് എട്ട് റണ്‍സേ നേടാനായുള്ളൂ. പ്ലേയിംഗ് ഇലവനിലേക്കുള്ള മടങ്ങിയവരവ് ദീപക് ഹൂഡയ്‌ക്ക് കനത്ത നിരാശയായി.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കെകെആറില്‍ ഫിനിഷര്‍ റിങ്കു സിംഗിന് പകരം ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനിലെത്തി. റിങ്കുവിനെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിരയില്‍ ദേവ്‌ദത്ത് പടിക്കലിനും നവീന്‍ ഉള്‍ ഹഖിനും പകരം ഷമാര്‍ ജോസഫും ദീപക് ഹൂഡയും മൊഹ്‌സീന്‍ ഖാനും ഇലവനിലെത്തി. വെസ്റ്റ് ഇന്‍ഡീസ് പേസറായ ഷെമാറിന് ഇത് ഐപിഎല്‍ അരങ്ങേറ്റമാണ്.
പ്ലേയിംഗ് ഇലവനുകള്‍
ലഖ്‌നൗ: ക്വിന്‍റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയി, മൊഹ്‌സീന്‍ ഖാന്‍, ഷമാര്‍ ജോസഫ്, യഷ് താക്കൂര്‍.
ഇംപാക്‌ട് സബ്: അര്‍ഷാദ് ഖാന്‍, പ്രേരക് മങ്കാദ്, എം സിദ്ധാര്‍ഥ്, അമിത് മിശ്ര, കെ ഗൗതം.
കൊല്‍ക്കത്ത: ഫിലിപ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്‌ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അന്‍ക്രിഷ് രഘുവന്‍ഷി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
ഇംപാക്‌ട് സബ്: സുയാഷ് ശര്‍മ്മ, അനുകുല്‍ റോയ്, മനീഷ് പാണ്ഡെ, റഹ്‌മാനുള്ള ഗുര്‍ബാസ്, റിങ്കു സിംഗ്.
Read more: എല്ലാം മറച്ചുവെക്കുന്നോ ഹാര്‍ദിക് പാണ്ഡ്യ? ലോകകപ്പ് ടീമിലിടം സംശയത്തില്‍; ചോദ്യങ്ങളുയരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം