തലതാഴ്‌ത്തി താരങ്ങളിരുന്നു, നീണ്ട പ്രസംഗവുമായി ബാബര്‍ അസം; പാക് ഡ്രസിംഗ് റൂമില്‍ സംഭവിച്ചത്- വീഡിയോ

സ്‌പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ 20-ാം ഓവറിലെ ആറാം പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടുമ്പോള്‍ മത്സരശേഷം വളരെ ശോകമായാണ് പാകിസ്ഥാന്‍ താരങ്ങളെ മൈതാനത്ത് കണ്ടത്

Watch Pak captain Babar Azan inspirational speech after lose to India in Super 12 at Melbourne Cricket Ground

മെല്‍ബണ്‍: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നിനാണ് ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യംവഹിച്ചത്. ക്രിക്കറ്റ് മൈതാനത്ത് മുമ്പ് ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വന്നപ്പോഴൊക്കെ ആവേശം അണപൊട്ടിയൊഴുകിയിട്ടുണ്ടെങ്കിലും ഇത്ര രോമാഞ്ചം നീലപ്പട ആരാധകര്‍ക്ക് സമ്മാനിച്ച മത്സരമുണ്ടാവില്ല. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിക്ക് കിംഗ് കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ മെല്‍ബണിലെ സൂപ്പര്‍-12 പോരാട്ടത്തില്‍ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ. 

സ്‌പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ 20-ാം ഓവറിലെ ആറാം പന്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യയുടെ വിജയറണ്‍ നേടുയതോടെ വളരെ ശോകമായാണ് പാകിസ്ഥാന്‍ താരങ്ങളെ പിന്നീട് മൈതാനത്ത് കണ്ടത്. ജയമുറപ്പിച്ചിരുന്ന നിമിഷങ്ങളില്‍ നിന്ന് വിരാട് കോലിയുടെ ഐതിഹാസിക പോരാട്ടത്തില്‍ അവിശ്വസനീയ തോല്‍വി രുചിച്ചതോടെ പാക് താരങ്ങള്‍ വൈകാരികമായി പതറിപ്പോയി. മത്സരശേഷം പാകിസ്ഥാന്‍ ഡ്രസിംഗ് റൂമും ഏറെ ശോകമായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ബാബര്‍ അസമും മാത്യൂ ഹെയ്‌ഡനും സഖ്‌ലെയ്‌ന്‍ മുഷ്‌താഖും ചേര്‍ന്ന് പാക് താരങ്ങളെ ഊര്‍ജത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. തോല്‍വിയില്‍ ആരെയും പഴിക്കാതെ ടീമെന്ന നിലയില്‍ ഒരുമിച്ച് വരും മത്സരങ്ങളില്‍ പോരാടണമെന്നാണ് ബാബര്‍ സഹതാരങ്ങളോട് പറഞ്ഞത്. 

'സഹോദരങ്ങളെ, ഇതൊരു നല്ല പോരാട്ടമായിരുന്നു. എപ്പോഴത്തേയും പോലെ നമ്മള്‍ കിണഞ്ഞുപരിശ്രമിച്ചു. ആ ശ്രമങ്ങള്‍ക്കിടയിലും ചില പിഴവുകള്‍ സംഭവിച്ചു. ആ തെറ്റുകളില്‍ നിന്ന് നമ്മള്‍ പഠിക്കണം. ഈ തോല്‍വി കൊണ്ട് കാലിടറി വീഴാന്‍ പാടില്ല. ലോകകപ്പ് ടൂര്‍ണമെന്‍റ് ആരംഭിച്ചിട്ടേയുള്ളൂ. ഒട്ടേറെ മത്സരങ്ങള്‍ അവശേഷിക്കുന്നു. അക്കാര്യം മാത്രം മനസില്‍ സൂക്ഷിക്കുക. ഏതെങ്കിലും ഒരു താരം കാരണമല്ല തോറ്റത്. ടീമിനെ നിലയാണ് തോല്‍വി. ആരും ഒരാളെ തോല്‍വിയുടെ പേരില്‍ വിരല്‍ചൂണ്ടില്ല. തോല്‍വി ആവര്‍ത്തിക്കാന്‍ പാടില്ല. ടീമെന്ന നിലയില്‍ തോറ്റു, പക്ഷേ, ഇനി ടീമെന്ന നിലയില്‍ തന്നെ ജയിക്കണം. ഒത്തൊരുമയോടെ തുടരണം. മത്സരത്തില്‍ നമ്മള്‍ കാഴ്‌ചവെച്ച മികച്ച പ്രകടനങ്ങളിലും ശ്രദ്ധിക്കുക. പറ്റിയ ചെറിയ തെറ്റുകളെ ടീം ഒന്നാകെ തിരുത്തും. വിഷമിക്കരുത് നവാസ്, നിങ്ങളെന്‍റെ മാച്ച് വിന്നറാണ്, എപ്പോഴും നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു. എനിക്കായി മത്സരങ്ങള്‍ ജയിപ്പിക്കാന്‍ നവാസിനാകും. ഇത് സമ്മര്‍ദമുള്ള മത്സരമായിരുന്നു. എന്നിട്ടും നിങ്ങള്‍ വിജയത്തിന് വളരെ അടുത്തുവരെ നമ്മെ എത്തിച്ചു. കൊള്ളാം... തോല്‍വി ഇവിടെ ഉപേക്ഷിക്കൂ, മുന്നോട്ടുനീങ്ങുക. പുതുതായി നമ്മള്‍ ആരംഭിക്കും. ടീമെന്ന നിലയില്‍ നമ്മള്‍ മികച്ച പ്രകടനം നടത്തി. അത് തുടരണം, എല്ലാവര്‍ക്കും ആശംസകള്‍'- എന്നുമായിരുന്നു ഡ്രസിംഗ് റൂമിലെത്തിയ ശേഷം സഹതാരങ്ങള്‍ക്ക് ബാബറിന്‍റെ വാക്കുകള്‍. 

ഇത് കിംഗ് കോലിയുടെ വിജയം 

മെല്‍ബണിലെ ആവേശപ്പോരാട്ടത്തില്‍ 16 റണ്‍സാണ് അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌പിന്നര്‍ മുഹമ്മദ് നവാസിന്‍റെ ആദ്യ പന്തില്‍ സിക്‌സറിന് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ ബാബറിന്‍റെ ക്യാച്ചില്‍ പുറത്തായി. നാടകീയത ഏറെയായിരുന്നു അടുത്ത പന്തുകളില്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രീസ് വിട്ട് പുറത്തിറങ്ങിയ കാര്‍ത്തിക്കിന് നേരെ നവാസിന്‍റെ ഫുള്‍ടോസ് വന്നു. നോബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഡികെ പൂര്‍ണമായും ക്രീസ് വിട്ടിറങ്ങിയതിനാല്‍ അംപയര്‍ നോബോള്‍ അനുവദിച്ചില്ല. ആ പന്തില്‍ ഒരു റണ്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. നവാസിന്‍റെ മൂന്നാം പന്തില്‍ കിംഗ് കോലി രണ്ട് റണ്‍സ് ഓടിയെടുത്തതോടെ ലക്ഷ്യം മൂന്ന് പന്തില്‍ 13 ആയി. അടുത്ത രണ്ട് പന്തിലും സിക്‌സര്‍ വേണം ഇന്ത്യക്ക് എന്ന് കമന്‍റേറ്റര്‍മാര്‍ പറഞ്ഞ നിമിഷങ്ങള്‍. 

നവാസിന്‍റെ നാലാം പന്ത് ഫുള്‍ട്ടോസായി ഉയര്‍ന്നപ്പോള്‍ കോലി സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ അത് സിക്‌സര്‍ പറത്തി. ഷോട്ട് പൂര്‍ത്തിയാക്കിയശേഷം നോ ബോളിനായി കോലിയുടെ അപ്പീല്‍ അംഗീകരിച്ചതോടെ വന്‍ വാക്‌വാദം അരങ്ങേറി. അരയ്‌ക്ക് മുകളിലുള്ള ഫുള്‍ട്ടോസായതിനാല്‍ അംപയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അംപയര്‍മാരോട് തര്‍ക്കിച്ചു. വീണ്ടും എറിഞ്ഞ നവാസിന്‍റെ നാലാം പന്ത് വൈഡായി. ഇതോടെ ഇന്ത്യന്‍ ലക്ഷ്യം മൂന്ന് പന്തില്‍ അഞ്ച് റണ്‍സായി. വീണ്ടും ആവര്‍ത്തിച്ചെറിഞ്ഞ നാലാം പന്തില്‍ മനോഹരമായൊരു യോര്‍ക്കറില്‍ നവാസ് കോലിയുടെ സ്റ്റംപിളക്കിയെങ്കിലും പന്ത് തേര്‍ഡ്-മാനിലേക്ക് പോയി. മനസാന്നിധ്യം വിടാതെ മൂന്ന് റണ്‍സ് ഓടിയെടുത്ത കോലിയും കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം രണ്ട് പന്തില്‍ രണ്ട് റണ്‍സാക്കിക്കുറച്ചു. 

ബൗള്‍ഡായ പന്തില്‍ റണ്‍സ് ഓടിയതില്‍ വീണ്ടും തര്‍ക്കമുന്നയിച്ച് പാക് നായകന്‍ ബാബര്‍ അസമും ഫീല്‍ഡര്‍മാരും രംഗത്തെത്തി. എന്നാല്‍ നോ ബോളിനെ തുടര്‍ന്നുള്ള ഫ്രീ-ഹിറ്റില്‍ വിക്കറ്റെടുക്കാനാവാത്തതിനാല്‍ അത് ബൈ റണ്ണാണെന്ന് അമ്പയര്‍ വിധിച്ചു.

നിര്‍ണായക അഞ്ചാം പന്തില്‍ ക്രീസ് വിട്ടിറങ്ങിയ ദിനേശ് കാര്‍ത്തിക്കിന് പിഴച്ചു, ലെഗ് സ്റ്റംപിലേക്ക് പോയ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാഡില്‍ തട്ടില്‍ ക്രീസില്‍ തന്നെ വീണു. പന്ത് എവിടെ പോയെന്ന് അറിയാതെ നിന്ന കാര്‍ത്തിക്കിനെ റിസ്‌വാന്‍ റണ്ണൗട്ടാക്കി. ഇതോടെ ജയിക്കാന്‍ ഇന്ത്യക്ക് ഒരു പന്തില്‍ രണ്ട് റണ്‍സ് വേണമെന്നായി. ക്രീസിലെത്തിയ അശ്വിനെതിരെ നവാസ് എറിഞ്ഞ പന്ത് വൈഡായി. ഇതോടെ സ്കോര്‍ തുല്യത ആയപ്പോള്‍ വീണ്ടുമെറിഞ്ഞ ആറാം പന്ത് മിഡ് ഓഫിന് മുകളിലൂടെ ഉയര്‍ത്തിയടിച്ച് അശ്വിനും കോലിയും ചേര്‍ന്ന് ഇന്ത്യക്ക് 4 വിക്കറ്റിന്‍റെ ഐതിഹാസിക ജയം സമ്മാനിക്കുകയായിരുന്നു. കോലി 53 പന്തില്‍ 82* റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

മെല്‍ബണിലേത് ടീം ഇന്ത്യയുടെ മികച്ച വിജയങ്ങളിലൊന്ന്; കോലിയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി രോഹിത് ശര്‍മ്മ

 

Latest Videos
Follow Us:
Download App:
  • android
  • ios