വെറുതെ വിട്ടതാ, എന്നിട്ടും ബെയിൽസ് പറന്നു; ബംഗ്ലാദേശ് ഓപ്പണറുടെ കിളി പറത്തിയ ജസ്പ്രീത് ബുമ്രയുടെ പന്ത്
നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
ചെന്നൈ: ഇന്ത്യയെ 376 റണ്‍സിന് ഓള്‍ ഔട്ടാക്കിയതിന്‍റെ ആവേശത്തില്‍ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നല്‍കി ജസ്പ്രീത് ബുമ്ര. ആദ്യ ഓവറിലെ അവസാന പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിന്‍റെ ബെയില്‍സ് പറത്തിയ പന്തിലൂടെയാണ് ബുമ്ര ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന് പ്രഹരമേല്‍പ്പിച്ചത്.
ആദ്യ ഓവറിലെ ആദ്യ അഞ്ച് പന്തുകളും എറൗണ്ട് ദ വിക്കറ്റിലെറിഞ്ഞ ബുമ്ര അവസാന പന്ത് ഇടം കൈയനായ ഷദ്മാനെതിരെ ഓവര്‍ ദ് വിക്കറ്റ് എറിഞ്ഞു. അകത്തേക്ക് സ്വിംഗ് ചെയ്ത പന്ത് ലീവ് ചെയ്ത ഷദ്മാന് പിഴച്ചു. പാഡിലുരസിയ പന്ത് ഷദ്മാന്‍റെ ബെയില്‍സിളക്കി. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായതോടെ ബംഗ്ലാദേശ് ബാക്ക് ഫൂട്ടിലാവുകയും ചെയ്തു. ആറ് പന്തില്‍ രണ്ട് റണ്‍സെടുത്താമ് ഷദ്മാന്‍ മടങ്ങിയത്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സുമായി നജ്മുള്‍ ഹസന്‍ ഷാന്‍റോയും നാലു റണ്‍സുമായി മുഷ്ഫീഖുര്‍ റഹീമും ക്രീസില്‍. ബുമ്ര ഷദ്മാനെ പുറത്താക്കിയശേഷം തുടര്‍ച്ചയായ പന്തുകളില്‍ സാകിര്‍ ഹസനെയും(3), മൊനിമുള്‍ ഹഖിനെയും(0) പുറത്താക്കിയ ആകാശ്‌ദീപാണ് ബംഗ്ലാദേശിനെ തകര്‍ച്ചയിലാക്കിയത്.
BOOM BOOM AT CHEPAUK...!!! 👑 pic.twitter.com/IAtA7qHX4o
— Johns. (@CricCrazyJohns) September 20, 2024
നേരത്തെ 339-6 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഇന്ത്യ 376 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.113 റണ്‍സെടുത്ത അശ്വിനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ആദ്യ സെഷനില്‍ മൂന്ന് വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും അഞ്ച് വിക്കറ്റ് തികച്ച ഹസന്‍ മഹ്മൂദും ചേര്‍ന്നാണ് ഇന്ത്യയെ ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്.
രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോളെടുത്ത ബംഗ്ലാദേശിന്‍റെ തന്ത്രമാണ് മത്സരത്തില്‍ വഴിത്തിരിവായത്. ആദ്യ മണിക്കൂറുകളില്‍ ന്യൂബോളില്‍ മികച്ച സ്വിംഗും സീമും ലഭിച്ചോടെ ബംഗ്ലാദേശി പേസര്‍മാരായ ടസ്കിന്‍ അഹമ്മദും ഹസന്‍ മഹ്മൂദും ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ഒടുവില്‍ ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ 86 റണ്‍സുമായി ജഡേജ ടസ്കിന്‍ അഹമ്മദിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ . ഏഴാം വിക്കറ്റില്‍ 199 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് ജഡേജ പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക