പന്ത് പിടിക്കും പോലൊരു പറക്കല്‍; മൈതാനത്തിറങ്ങിയ ആരാധകനെ ഓടിച്ചിട്ടുപിടിച്ച സൈമണ്ട്‌സ്- വീഡിയോ വീണ്ടും വൈറല്‍
1997ല്‍ വാക്കയില്‍ ക്വീന്‍സ്‌ലന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം
സിഡ്‌നി: മറക്കാനാവാത്ത ഏറെ ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഓസീസ് മുന്‍ ഓള്‍റൗണ്ടര്‍ ആൻഡ്രൂ സൈമണ്ട്‌സ്(Andrew Symonds) ക്രിക്കറ്റിന്‍റെയും ജീവിതത്തിന്‍റേയും ക്രീസില്‍ നിന്ന് എന്നേക്കുമായി തിരികെനടന്നത്. 2003ലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 143* റണ്‍സടക്കം മൈതാനത്ത് സൈമണ്ട്‌സിന്‍റെ കരുത്ത് വരച്ചിട്ട അനേകം കാഴ്‌ചകളുണ്ട്. മൈതാനത്ത് നാലുപാടും ക്യാച്ചിനായും റണ്ണൗട്ടിനായും പാറിപ്പറക്കുന്ന തീപ്പൊരി ഫീല്‍ഡറായ ആൻഡ്രൂ സൈമണ്ട്‌സിനെയും ക്രിക്കറ്റ് സ്‌നേഹികള്‍ക്ക് മറക്കാനാവില്ല. ഇതിനൊപ്പം മൈതാനം കയ്യടക്കാനിറങ്ങിയ ആരാധകനെ ഓടിച്ചിട്ട് പിടിക്കാന്‍ പറക്കുന്ന സൈമണ്ട്‌സിനെയും ആരാധകര്‍ കണ്ടിട്ടുണ്ട്.
1997ല്‍ വാക്കയില്‍ ക്വിന്‍സ്‌ലന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഷര്‍ട്ടിടാതെ മൈതാനത്തേക്ക് ഓടിയിറങ്ങിയ ആരാധകനെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു ആൻഡ്രൂ സൈമണ്ട്‌സ്. ബെയ്‌ല്‍സ് തട്ടിയിളക്കാന്‍ ശ്രമിച്ച് ഓടിയ ആരാധകനെ ആദ്യ ശ്രമത്തില്‍ കൈപ്പിടിയിലൊതുക്കിയെങ്കിലും അയാള്‍ കുതറിമാറി സ്റ്റേഡിയത്തിന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ക്യാമറയില്‍ പതിഞ്ഞു. അന്നത്തെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. സൈമണ്ട്‌സും മൈതാനത്തിറങ്ങിയ ആരാധകരും തമ്മില്‍ പോരടിച്ച വേറെയും സന്ദര്‍ഭങ്ങളുണ്ട്.
അപ്രതീക്ഷിതം വേര്‍പാട്
ക്വിൻസ്‍ലാൻഡിലുണ്ടായ കാറപകടത്തിലാണ് 46കാരനായ ആൻഡ്രൂ സൈമണ്ട്‌സ് മരണമടഞ്ഞത്. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളായിരുന്നു. ഓസ്ട്രേലിയക്കായി 26 ടെസ്റ്റും 198 ഏകദിനങ്ങളും 14 ട്വന്‍റി 20കളും കളിച്ചു. 2003ലും 2007ലും ലോകകിരീടം നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായി. 2003 ലോകകപ്പിൽ പാകിസ്ഥാനെതിരായ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി നിറഞ്ഞുനിന്നു. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്‍റെയും മുംബൈ ഇന്ത്യന്‍സിന്‍റേയും താരമായിരുന്നു. ആദ്യ സീസണ്‍ ഐപിഎല്ലിൽ സെഞ്ച്വറിയും ഡെക്കാനൊപ്പം കിരീടവും നേടിയിട്ടുണ്ട് ആൻഡ്രൂ സൈമണ്ട്‌സ്. വിരമിച്ച ശേഷം ഫോക്സ് സ്പോർട്സിന്‍റെ കമന്‍റേറ്ററായി സേവനമനുഷ്ടിച്ചിരുന്നു.
ആൻഡ്രൂ സൈമണ്ട്‌സ് ഏകദിനത്തില്‍ 5000ലേറെ റണ്‍സും നൂറിലേറെ വിക്കറ്റുമുള്ള അപൂര്‍വ താരങ്ങളിലൊരാളാണ്. 11 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 198 ഏകദിനങ്ങളില്‍ 5088 റണ്‍സും 133 വിക്കറ്റും നേടി. 26 ടെസ്റ്റില്‍ 1462 റണ്‍സും 24 വിക്കറ്റും 14 രാജ്യാന്തര ടി20യില്‍ 337 റണ്‍സും 8 വിക്കറ്റും സ്വന്തമാക്കി. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ 974 റണ്‍സും 20 വിക്കറ്റും സ്വന്തമാക്കി. ഒപ്പം എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായും വാഴ്‌ത്തപ്പെട്ടു.