'ആദിപുരുഷ് കണ്ടപ്പോഴാണ് കട്ടപ്പ അത് ചെയ്തത് എന്തിനാണെന്ന് മനസിലായതെന്ന്' സെവാഗ്
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 നാണ് ബഹുഭാഷകളിലായി തിയറ്ററുകളിലെത്തിയത്.
ദില്ലി:വന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുകയും റിലീസിന് ശേഷം വന്‍ വിമര്‍ശനം നേരിടുകയും ചെയ്യുന്ന ഓ റാവുത്ത് സംവിധാനം ചെയ്ത പ്രഭാസ് ചിത്രം ആദിപുരുഷ് കണ്ടശേഷം പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. റിലീസിന് പിന്നാലെ മികച്ച ഓപ്പണിംഗ് നേടിയെങ്കിലും ആദ്യ ദിനങ്ങള്‍ പിന്നിട്ടതോടെ ചിത്രത്തിനെതിരെ നാനാ മേഖലകളില്‍ നിന്നും വിമര്‍ശനങ്ങളാണ്.
ഇതിനിടെയാണ് ട്വിറ്ററില്‍ പ്രതികരണവുമായി സെവാഗും രംഗത്തെത്തിയിരിക്കുന്നത്. ആദിപുരുഷ് കണ്ടപ്പോഴാണ് ആ കാര്യം മനസിലായത്, കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നതെന്നാണ് സെവാഗ് സ്മൈലി ചിഹ്നത്തോടെ ട്വിറ്ററില്‍ കുറിച്ചത്.
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രം ജൂണ്‍ 16 നാണ് ബഹുഭാഷകളിലായി തിയറ്ററുകളിലെത്തിയത്. ആദ്യ ഷോകള്‍ക്ക് ഇപ്പുറം തന്നെ ചിത്രത്തിന്‍റെ വിധി ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. പ്രേക്ഷകരിലും നിരൂപകരിലും ഭൂരിപക്ഷവും ചിത്രത്തെ തള്ളിക്കളഞ്ഞപ്പോള്‍ തുടര്‍ ദിനങ്ങളിലെ തിയറ്റര്‍ ഒക്കുപ്പന്‍സിയില്‍ അത് കാര്യമായി പ്രതിഫലിച്ചു.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആദ്യ 6 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദിപുരുഷ് 410 കോടി കലക്ട് ചെയ്തിട്ടുണ്ട്. എങ്കിലും റിലീസ് ദിനത്തില്‍ നിന്ന് ഏഴാം ദിനത്തിലേക്ക് എത്തുമ്പോള്‍ കളക്ഷനില്‍ ദിനേനയുള്ള ഇടിവ് വ്യക്തമാണ്. അവധി ദിനങ്ങളില്‍ പോലും ചിത്രത്തിന് വലിയ തിരക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് ആദ്യ വാരം ചിത്രം 2 കോടി കലക്ട് ചെയ്തിരുന്നു.
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 60 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 6.1 കോടിയും കര്‍ണാടകത്തില്‍ നിന്ന് നേടിയിരിക്കുന്നത് 18 കോടിയുമാണ്. ആന്ധ്ര, തെലങ്കാന മേഖലകളില്‍ നിന്ന് 109.5 കോടിയും കലക്ട് ചെയ്തു.