'ആദ്യം കളിച്ച് കാണിക്കൂ, എന്നിട്ടാവാം അഗ്രഷന്‍'! കോണ്‍സ്റ്റാസിന്റെ തോളിലിടിച്ചതിന് കോലിക്ക് ട്രോള്‍
ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി, താരത്തിന്റെ തോളില്‍ ഇടിക്കുകയായിരുന്നു.
മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ അരങ്ങേക്കാരന്‍ സാം കോണ്‍സ്റ്റാസുമായി ഉടക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സീനിയര്‍ താരവുമായ വിരാട് കോലിക്ക് പരിഹാസം. 19കാരനായ കോണ്‍സ്റ്റാസ് ആത്മവിശ്വാസത്തോടെ കളിക്കുമ്പോഴാണ് കോലി വന്ന് ശ്രദ്ധ തിരിക്കുന്നത്. മത്സരത്തില്‍ 65 പന്തില്‍ 60 റണ്‍സാണ് കോണ്‍സ്റ്റാസ് നേടയിത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം രണ്ട് സിക്‌സുകളും ആറ് ഫോറും നേടിയിരുന്നു. ഈ രണ്ട് സിക്‌സുകളും ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്രക്കെതിരെ ആയിരുന്നു.
ഇതിനിടെയാണ് കോലി വന്ന് കോണ്‍സ്റ്റാസുമായിട്ട് കോര്‍ക്കുന്നത്. ഒരോവര്‍ തീര്‍ന്ന് ഇരുവരും നടന്നുപോകുന്നതിനിടെ കോലി, താരത്തിന്റെ തോളില്‍ ഇടിക്കുകയായിരുന്നു. പിന്നീട് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ഉസ്മാന്‍ ഖവാജ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അംപയര്‍മാരും അവരുടെ പങ്കുവഹിച്ചു. ഇതിനിടെ വലിയ പരിഹാസവും ട്രോളുകളുമാണ് കോലിക്കെതിരെ വരുന്നത്. കോലി അനാവശ്യമായി വെറുപ്പ് ഉണ്ടാക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 19കാരന്‍ പയ്യനോടെ കയര്‍ക്കാന്‍ മാത്രം എന്തിരിക്കുന്നുവെന്നും ക്രിക്കറ്റ് ലോകത്തിന്റെ ചോദ്യം. ചില ട്രോളുകള്‍ വായിക്കാം...
ബുമ്രയുടെ ഒരോവറില്‍ മാത്രം 18 റണ്‍സാണ് താരം അടിച്ചച്ചെടുത്തത്. ആ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. പിന്നീട് മറ്റൊരു സിക്‌സ് കൂടി കോണ്‍സ്റ്റാസ് നേടി. ബുമ്രയ്‌ക്കെതിരെ ഒരു ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടുന്ന ആദ്യ താരവും കോണ്‍സ്റ്റാസ് തന്നെ. കോണ്‍സ്റ്റാസിന്റെ രണ്ട് സിക്‌സുകളും സ്‌കൂപ്പിലൂടെ ആയിരുന്നു. ബുമ്രയ്‌ക്കെതിരെ തുടക്കത്തില്‍ രണ്ട് മൂന്നോ തവണ താരം സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ താരത്തിന് തൊടാനായില്ല.
19കാരന്‍ അരങ്ങേറ്റം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. കൂടാതെ മറ്റൊരു മാറ്റം കൂടി ഓസ്‌ട്രേലിയ വരുത്തിയിരുന്നു. സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. പരിക്കേറ്റ ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്.