സെഞ്ചുറി വേട്ടയില്‍ റിക്കി പോണ്ടിംഗിനേയും മറികടന്ന് കോലി; മുന്നില്‍ ഇനി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നാകെ 28 സെഞ്ചുറികള്‍ കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനും കോലിക്കാവും. 100 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടില്‍. ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ കോലിയുടെ മൂന്നാം സെഞ്ചുറിയാണിത്.
ചിറ്റഗോങ്: 1214 ദിവസങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി വിരാട് കോലി. ചിറ്റഗോങ്ങില്‍ ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ കോലി 91 പന്തില്‍ 113 റണ്‍സാണ് കോലി നേടിയത്. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. അന്താരാഷ്ട്ര കരിയറില്‍ കോലിയുടെ 72-ാം സെഞ്ചുറി കൂടിയാണിത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലി ഏകദിനത്തില്‍ സെഞ്ചുറി നേടുന്നത്. മൊത്തം സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിനെ പിന്തള്ളാനും കോലിക്കായി. ഏകദിനത്തില്‍ കോലിയുടെ 44-ാം സെഞ്ചുറിയാണിത്. ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇനി കോലിയുടെ മുന്നിലുള്ളത്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നാകെ 28 സെഞ്ചുറികള്‍ കൂടി നേടിയാല്‍ സച്ചിനെ മറികടക്കാനും കോലിക്കാവും. 100 സെഞ്ചുറികളാണ് സച്ചിന്റെ അക്കൗണ്ടില്‍. ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ കോലിയുടെ മൂന്നാം സെഞ്ചുറിയാണിത്. മാത്രമല്ല, ബംഗ്ലാദേശില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും കോലിക്ക് സാധിച്ചു.
നേരത്തെ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെ (131 പന്തില്‍ 210) കരുത്തിലാണ് ഇന്ത്യ കുതിച്ചത്. ഇതോടെ ചില റെക്കോര്‍ഡുകളും താരത്തെ തേടിയെത്തി. ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററെന്ന റെക്കോര്‍ഡ് ഇന്ന് സ്വന്തം പേരിലാക്കി. 2020നുശേഷം ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി തികക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറായ ഇഷാന്‍ കിഷന്‍ 24 വയസും 145 ദിവസവും പ്രായമുള്ളപ്പോഴാണ് ഡബിള്‍ സെഞ്ചുറിയെന്ന നേട്ടം കൈക്കലാക്കിയത്. 26 വയസും 186 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ശര്‍മ ഡബിള്‍ സെഞ്ചുറി നേട്ടം സ്വന്തമാക്കിയത്.
ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയെന്ന നേട്ടവും കിഷന്‍ ഇന്ന് സ്വന്തം പേരിലാക്കി. 85 പന്തില്‍ സെഞ്ചുറിയും 126 പന്തില്‍ ഡബിള്‍ സെഞ്ചുറിയും തികച്ച കിഷന്‍ 138 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡാണ് കിഷന്‍ ഇന്ന് മറികടന്നത്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററാണ് കിഷന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ(മൂന്ന് തവണ 208, 209, 264) എന്നിവരാണ് കിഷന് മുമ്പ് ഏകദിന ഡബിള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍.
ഇതിഹാസങ്ങളെ പിന്നിലാക്കി കിഷന്‍റെ റണ്‍വേട്ട, റെക്കോര്‍ഡ് ഡബിളില്‍ ചാരമായത് ഒരുപിടി റെക്കോര്‍ഡുകള്‍