Virat Kohli:അനുഷ്കക്ക് പഫ്സ് വാങ്ങാന്‍ ബംഗലൂരുവിലെ തിരക്കേറിയ ബേക്കറിയിലെത്തി; ആരും തിരിച്ചറിഞ്ഞില്ലെന്ന് കോലി
ബേക്കറിയില്‍ നല്ല തിരക്കായിരുന്നു. ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായതിനാല്‍ ആരും എന്നെ ശ്രദ്ധിച്ചില്ല. അത് ഭയങ്കര ആശ്വാസമായിരുന്നു. ഞാന്‍ പഫ്സ് വാങ്ങിയശേഷം കൗണ്ടറിലെത്തി പണം നല്‍കാനായി നിന്നു. എന്നാല്‍ അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് എന്‍റെ കൈയില്‍ പണമില്ല,
മുംബൈ: ഭാര്യ അനുഷ്ക ശര്‍മക്ക്(Anushka Sharma) പഫ്സ് വാങ്ങാനായി ബംഗലൂരുവിലെ തിരക്കേറിയ ബേക്കറിയിലെത്തിയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). ഈ വര്‍ഷമാദ്യം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു സംഭവമെന്നും കോലി വ്യക്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മിസ്റ്റര്‍ നാഗുമായുള്ള അഭിമുഖത്തിലാണ് രസകരമായ സംഭവം കോലി ഓര്‍ത്തെടുത്തത്.
ബംഗലൂരുവില്‍ നടന്ന ശ്രീലങ്കക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം തന്നെ ഇന്ത്യ വിജയം നേടിയിരുന്നു. മത്സരശേഷം ഭാര്യ അനുഷ്കക്ക് എന്തെങ്കിലും വാങ്ങണമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ബംഗലൂരുവിലാണ്. അതുകൊണ്ടു തന്നെ ഈ നഗരവുമായി ബന്ധപ്പെട്ട് അവര്‍ക്ക് കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മകളുണ്ട്. ബംഗലൂരുവില്‍ അവര്‍ക്ക് ഒരുപാട് സുഹൃത്തുക്കളുമുണ്ട്. ഈ നഗരത്തിലെ തോംസ്(Thom's bakery) ബേക്കറിയിലെ പഫ്സ് അനുഷ്ക്ക് ഒരുപാടിഷ്ടമാണ്.
കളി കഴിഞ്ഞ് ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയശേഷം ഞാന്‍ അനുഷ്കക്ക് എന്തെങ്കിലും വാങ്ങണമെന്നോര്‍ത്ത് പുറത്തറിങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ഒരുപാട് കാലമായി പൊതുസ്ഥലങ്ങളിലൊക്കെ ഇറങ്ങിയിട്ട്. അതുകൊണ്ട് ചെറിയ ടെന്‍ഷനുണ്ടായിരുന്നു. എങ്കിലും മാസ്ക് നിര്‍ബന്ധമായതിനാല്‍ ആളുകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാവില്ലെന്ന് കരുതി. തലയിലൊരു തൊപ്പിയുമിട്ടു. കാറില്‍ തോംസ് ബേക്കറിയുടെ മുന്നിലെത്തി. എന്‍റെ സുരക്ഷാ ജീവനക്കാരനോട് കാറില്‍ തന്നെ ഇരുന്നോളാന്‍ പറഞ്ഞു.
ബേക്കറിയില്‍ നല്ല തിരക്കായിരുന്നു. ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്ന തിരക്കിലായതിനാല്‍ ആരും എന്നെ ശ്രദ്ധിച്ചില്ല. അത് ഭയങ്കര ആശ്വാസമായിരുന്നു. ഞാന്‍ പഫ്സ് വാങ്ങിയശേഷം കൗണ്ടറിലെത്തി പണം നല്‍കാനായി നിന്നു. എന്നാല്‍ അപ്പോഴാണ് ഞാന്‍ തിരിച്ചറിയുന്നത് എന്‍റെ കൈയില്‍ പണമില്ല, ക്രെഡിറ്റ് കാര്‍ഡ് മാത്രമെയുള്ളു. ക്രെഡിറ്റ് കാര്‍ഡ് നല്‍കിയാല്‍ അതില്‍ പേരുള്ളതുകൊണ്ട് ഏത് നിമിഷവും തിരിച്ചറിയപ്പെടാം. ഞാന്‍ ആകെ ടെന്‍ഷനിലായി. എന്തെങ്കിലും സംഭവിച്ചാല്‍ ഉടന്‍ എന്‍റെ സെക്യൂരിറ്റിയുടെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ പാകത്തില്‍ ഞാന്‍ ഫോണ്‍ കൈയിലെടുത്തു പിടിച്ചു.
പക്ഷെ അപ്പോഴാണ് ആ ബേക്കറി എന്തുകൊണ്ടാണ് ഇത്ര പ്രശസ്തമായതെന്ന് ഞാന്‍ തിരിച്ചറിയുന്നത്. കാരണം, ഞാന്‍ എന്‍റെ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയപ്പോള്‍ കൗണ്ടറിലിരിക്കുന്ന ആള്‍ അത് സ്വൈപ്പ് ചെയ്ത് പണം പിന്‍വലിച്ച് അത് ആരുടെതാണെന്ന് പോലും നോക്കാതെ തിരിച്ചു. റെസിപ്റ്റില്‍ ഞാന്‍ ഒപ്പിട്ട് കൊടുക്കുകയും അത് അദ്ദേഹം സീല്‍ അടിച്ചു തിരിച്ചു തരികയും ചെയ്തു. അപ്പോഴും അതില്‍ ആരുടെ പേരാണ് എഴുതിയിരിക്കുന്നത് എന്ന് പോലും അവര്‍ നോക്കിയില്ല. അത് കണ്ട് എനിക്ക് തന്നെ അത്ഭുതമായി. കാരണം, ആരും എന്നെ തിരിച്ചറിഞ്ഞില്ല-കോലി പറഞ്ഞു.