ആ റണ്‍ ഔട്ടിലൂടെ കോലി കാര്‍ത്തിക്കിന്‍റെ കരിയര്‍ അവസാനിപ്പിച്ചെന്ന് ആരാധകര്‍
ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോം മങ്ങിയ റിഷഭ് പന്തിന് പകരമാണ് ദിനേശ് കാര്‍ത്തിക് കഴിഞ്ഞ നാലു മത്സരങ്ങളിലും ആദ്യ ഇലവനില്‍ കളിച്ചത്.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററായത് വിരാട് കോലിയായിരുന്നു. പവര്‍ പ്ലേയില്‍ രോഹിത് ശര്‍മ മടങ്ങിയശേഷം ക്രീസിലെത്തിയ കോലി അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ സമ്മാനിച്ചു. സൂര്യകുമാര്‍ യാദവ് പുറത്തായശേഷം എത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും പെട്ടെന്ന് മടങ്ങിയതോടെ വീണ്ടും പ്രതിസന്ധിയിലായ ഇന്ത്യയെ കോലിയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് മികച്ച ടോട്ടലിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് കാര്‍ത്തിക് അപ്രതീക്ഷിതമായി റണ്‍ ഔട്ടായത്. പതിനേഴാം ഓവറിലെ അവസാന പന്തിലായിരുന്നു അത്.
ഷൊറിഫുള്‍ ഇസ്ലാം എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തില്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബൗണ്ടറി നേടിയിരുന്നു. പിന്നീട് സിംഗിളെടുത്ത് സ്ട്രൈക്ക് കോലിക്ക് കൈമാറി. അഞ്ചാം പന്തില്‍ രണ്ട് റണ്‍ അതിവേഗം ഓടിയെടുത്ത് കോലി 38 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഇതിനുശേഷം ഷൊറിഫുള്‍ എറിഞ്ഞ ഫുള്‍ടോസ് നേരെ എക്സ്ട്രാ കവറില്‍ ഷാക്കിബ് അല്‍ ഹസന് നേരെയാണ് കോലി അടിച്ചത്. ആ പന്തില്‍ റണ്ണിനായി ഓടിയ ദിനേശ് കാര്‍ത്തിക് പിച്ചിന് നടുവിലെത്തിയെങ്കിലും കോലി ഓടിയില്ല,. ഇതോടെ തിരിച്ചോടിയ കാര്‍ത്തിക് റണ്‍ ഔട്ടായി.
'കോലിയുടെ ചതി, പെനാല്‍റ്റി വിധിച്ചിരുന്നെങ്കില്‍ കളി മാറിയേനെ'; ഗുരുതര ആരോപണവുമായി ബംഗ്ലാദേശി താരം
കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനങ്ങളുടെ മികവില്‍ ഫിനിഷറായി ടീമിലെത്തിയ 37കാരനായ ദിനേശ് കാര്‍ത്തിക്കിന് ഈ ലോകകപ്പില്‍ ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനായിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ തൊട്ടടുത്ത മത്സരത്തില്‍ നിര്‍ഭാഗ്യകരമായി റണ്‍ ഔട്ടാകുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്‍റെ ടി20 കരിയറിനാണ് കോലി വിരാമമിട്ടതെന്നാണ് ആരാധകര്‍ പറയുന്നത്.
ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനും ബംഗ്ലാദേശിനുമെതിരായ പരമ്പരകള്‍ക്കുള്ള ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോം മങ്ങിയ റിഷഭ് പന്തിന് പകരമാണ് ദിനേശ് കാര്‍ത്തിക് കഴിഞ്ഞ നാലു മത്സരങ്ങളിലും ആദ്യ ഇലവനില്‍ കളിച്ചത്. എന്നാല്‍ ഈ നാലു മത്സരങ്ങളിലും ബാറ്റ് കൊണ്ട് കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്നതോടെ കാര്‍ത്തിക്കിനെ മാറ്റി പന്തിനെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെയാണ് ബംഗ്ലാദേശിനെതിരെ നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടും വന്നത്. ബംഗ്ലാദേശിനെതിരെ അഞ്ച് റണ്‍സിന് ജയിച്ച ഇന്ത്യക്ക് സൂപ്പര്‍ 12ല്‍ സിംബാബ്‌വെക്കെതിരെ ആണ് അടുത്ത മത്സരം.