പായും കോലി, പറക്കും കോലി; അമ്പരപ്പിച്ച റൗൺഔട്ടും ക്യാച്ചും, ഓസ്ട്രേലിയയുടെ അന്തകനായ സൂപ്പർമാൻ! വീഡിയോ
19 റൺസ് ബാറ്റിംഗിൽ നേടിയ കോലി രണ്ട് ക്യാച്ചും ഒരു റൺഔട്ടുമാണ് ഫിൽഡിൽ സമ്പാദിച്ചത്. ഇതിൽ തന്നെ ടിം ഡേവിഡിന്‍റെ റൺഔട്ടും കമ്മിൻസിന്‍റെ ക്യാച്ചും ആരെയും അമ്പരപ്പിക്കുന്നതാണ്
ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന്‍റെ ആവേശത്തിലാണ് ഇന്ത്യൻ ആരാധകർ. മുഹമ്മദ് ഷമിയുടെ വിസ്‌മയകരമായ അവസാന ഓവറിലാണ് ഇന്ത്യക്ക് ത്രില്ലര്‍ ജയമെങ്കിലും അവസാന നിമിഷങ്ങളിൽ ഫീൽഡിലെ കോലിയുടെ പ്രകടനവും വാഴ്ത്തപ്പെടുകയാണ്. ബാറ്റിംഗിൽ മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി മടങ്ങിയ മുൻ ഇന്ത്യൻ നായകൻ ഫീൽഡിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്താണ് ടീം ഇന്ത്യക്ക് വിജയ വഴി തുറന്നുകൊടുത്തത്. 19 റൺസ് ബാറ്റിംഗിൽ നേടിയ കോലി രണ്ട് ക്യാച്ചും ഒരു റൺഔട്ടുമാണ് ഫിൽഡിൽ സമ്പാദിച്ചത്. ഇതിൽ തന്നെ ടിം ഡേവിഡിന്‍റെ റൺഔട്ടും കമ്മിൻസിന്‍റെ ക്യാച്ചും ആരെയും അമ്പരപ്പിക്കുന്നതാണ്.
കളി ആവേശ കൊടുമുടിയിലായ 19 ാം ഓവറിലാണ് ടീം ഇന്ത്യക്ക് ഏറെ നിർണായക വിക്കറ്റ് സമ്മാനിച്ച് കോലി ടിം ഡേവിഡിനെ പറഞ്ഞയച്ചത്. കോലിയുടെ ഫിറ്റ്നസിന്‍റെ മികവ് മുഴുവൻ കാട്ടുന്നതായിരുന്നു ആ റൺഔട്ട്. വെടിക്കെട്ടുവീരൻ ഡേവിഡ് പുറത്തായത് മത്സരത്തിലെ നിർണായക വഴിത്തിരിവായിരുന്നു.
അവസാന ഓവറിലും രക്ഷകനായി കോലി അവതരിക്കുകയായിരുന്നു. കമ്മിൻസിന്‍റെ സിക്സെന്നുറപ്പിച്ച ഷോട്ടാണ് ബൗണ്ടറി ലൈനിൽ നിന്ന് പറന്നുയർന്ന് കോലി കൈക്കുള്ളിലാക്കിയത്. ഇന്ത്യ ആറ് റൺസിന് മാത്രം ജയിച്ച മത്സരമായതിനാൽ തന്നെ ആ ക്യാച്ചിന് വിജയത്തോളം മധുരമുണ്ട്.
അതേസമയം ഇന്ത്യ ഉയർത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 180ല്‍ ഓള്‍ഔട്ടാകുകയായിരുന്നു. മത്സരത്തില്‍ അവസാന ഓവർ മാത്രം എറിഞ്ഞ ഷമി 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് നായകന്‍ ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും ഓസീസിന് നല്‍കിയത്. മാര്‍ഷ് 18 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്തു. പിന്നാലെയെത്തിയ സ്റ്റീവ് സ്‌മിത്തിനെ(12 പന്തില്‍ 11) ചാഹല്‍ ബൗള്‍ഡാക്കി. പിന്നാലെ മാക്‌സ്‌വെല്ലിനെ (16 പന്തില്‍ 23) ഭുവി പുറത്താക്കി. പോരാട്ട മികവ് പുറത്തെടുത്ത ക്യാപ്റ്റൻ ഫിഞ്ച് (54 പന്തില്‍ 79) മടങ്ങിയതോടെ ഓസ്ട്രേലിയ തോൽവിയിലേക്ക് നിലം പതിക്കുകയായിരുന്നു.
ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മിന്നും ഫോം തുടര്‍ന്ന് അര്‍ധസെഞ്ചുറി കണ്ടെത്തിയ കെ എല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റേയും കരുത്തിലാണ് മികച്ച ടോട്ടലിലെത്തിയത്. ഓപ്പണറായ രാഹുല്‍ 33 പന്തില്‍ 57 ഉം നാലാം നമ്പറിലെത്തിയ സൂര്യ 33 പന്തില്‍ 50 ഉം റണ്‍സെടുത്ത് പുറത്തായി. നായകന്‍ രോഹിത് ശര്‍മ്മ 15 റണ്‍സിലും വിരാട് കോലിയും 19 ലും ഹാര്‍ദിക് പാണ്ഡ്യ രണ്ടിലും ദിനേശ് കാര്‍ത്തിക് 20ലും ആര്‍ അശ്വിന്‍ ആറിലും മടങ്ങി. കംഗാരുക്കൾക്കായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സൺ നാല് വിക്കറ്റ് വീഴ്ത്തി.