ഹെഡിനെ വീഴ്ത്താൻ കോലിയുടെ തന്ത്രം, ആദ്യം നിരസിച്ച് രോഹിത്, 'കൺവിൻസ്' ചെയ്ത് കോലി; ഒടുവില്‍ സംഭവിച്ചത്

ഓവര്‍ ദ് വിക്കറ്റില്‍ സ്ക്രാംബിള്‍ഡ് സീമില്‍ വിക്കറ്റ് ലക്ഷ്യമാക്കി ഷോര്‍ട്ട് പിച്ച് പന്തെറിഞ്ഞാല്‍ ഹെഡിന്‍റെ വിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് കോലി രോഹിത്തിനോട് പറഞ്ഞു.

Virat Kohli convinces Rohit Sharma to set trap against Travis Head, Watch What Happens next

ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഇന്ത്യയെ ഓള്‍ ഔട്ടാക്കി രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം സ്കോര്‍ ചെയ്യാനിറങ്ങിയ ഓസ്ട്രേലിയക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് തുടക്കത്തില്‍ നേരിട്ടത്. തുടക്കത്തിലെ 33-5ലേക്ക് കൂപ്പുകുത്തിയ ഓസീസ് ഒരുവേള ഇന്ത്യക്ക് വിജയപ്രതീക്ഷപോലും സമ്മാനിച്ചു. എന്നാല്‍ ട്രാവിസ് ഹെഡും അലക്സ് ക്യാരിയും കൂടി ഓസീസിനെ 50 കടത്തി.

തുടക്കത്തില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ഹെഡ് തകര്‍ത്തടിക്കാന്‍ തുടങ്ങുന്നതിനിടെ പന്തെറിയാനെത്തിയ മുഹമ്മദ് സിറാജിന് തന്ത്രം ഉപദേശിക്കാന്‍ കോലി ഓടിയെത്തി. ഹെഡിന് ഓവര്‍ ദി വിക്കറ്റ് പന്തെറിയാന്‍ കോലി സിറാജിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എറൗണ്ട് ദ് വിക്കറ്റ് എറിഞ്ഞാല്‍ മതിയെന്നായിരുന്നു ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ നിലപാട്. ഓവര്‍ ദ് വിക്കറ്റ് എറിഞ്ഞാല്‍ ഹെഡിന് അടിക്കാന്‍ എളുപ്പമാകുമെന്നും അത് വേണ്ടെന്നും രോഹിത് പറഞ്ഞു.

'അങ്ങനെ സംഭവിച്ചാൽ സെലക്ടര്‍മാരുടെ തീരുമാനത്തിന് കാത്തു നില്‍ക്കാതെ രോഹിത് സ്ഥാനമൊഴിയും'; പ്രവചനവുമായി ഗവാസ്കർ

എന്നാല്‍ ഓവര്‍ ദ് വിക്കറ്റില്‍ സ്ക്രാംബിള്‍ഡ് സീമില്‍ വിക്കറ്റ് ലക്ഷ്യമാക്കി ഷോര്‍ട്ട് പിച്ച് പന്തെറിഞ്ഞാല്‍ ഹെഡിന്‍റെ വിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ടെന്ന് കോലി രോഹിത്തിനോട് പറഞ്ഞു. ഒടുവില്‍ രോഹിത് അത് അംഗീകരിച്ചു. പിന്നീട് ഫീല്‍ഡിലും അതിനനുസരിച്ച് മാറ്റം വരുത്താന്‍ കോലി നിര്‍ദേശിച്ചു. വിക്കറ്റിലേക്ക് പന്തെറിയാനായി സ്ക്വയര്‍ ലെഗ് ഫീല്‍ഡറെ ഡീപ്പിലേക്ക് ഇറക്കി നിര്‍ത്താന്‍ രോഹിത്തിനോട് പറഞ്ഞു. അങ്ങനെ ചെയ്തശേഷം സ്റ്റംപിലേക്ക് മാത്രമെ പന്തെറിയാവു എന്ന് രോഹിത് സിറാജിനോട് പറഞ്ഞു.

പിന്നാലെ സിറാജ് എറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം വിക്കറ്റിന്‍റെ പിന്നില്‍ റിഷഭ് പന്ത് കൈയിലൊതുങ്ങി. 19 പന്തില്‍ രണ്ട് ഫോര്‍ അടക്കം 17 റണ്‍സായിരുന്നു പരമ്പരയില്‍ ഇന്ത്യയുടെ സ്ഥിരം തലവേദനയായ ഹെഡിന്‍റെ സംഭാവന. ആദ്യ ഇന്നിംഗ്സില്‍ ഹെഡ് 152 റണ്‍സടിച്ചിരുന്നു. ഹെഡ് പുറത്തായശേഷം ക്രീസിലെത്തിയ നായകന്‍ പാറ്റ് കമിന്‍സ് കണ്ണുംപൂട്ടിയടിച്ച് 10 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി.

89-7 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്ത ഓസീസ് ഇന്ത്യക്ക് 275 റണ്‍സ് വിജയലക്ഷ്യം നൽകിയെങ്കിലും വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ എട്ട് റണ്‍സെടുത്ത് നില്‍ക്കെ മഴയെത്തിയതോടെ മത്സരം സമനിലയായി. ഇന്ത്യക്കായി ബുമ്ര മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സിറാജും ആകാശ് ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios