യോര്‍ക്കറിന് പിന്നാലെ യോര്‍ക്കര്‍, ഇങ്ങനെ എറിയാന്‍ നീയാര് മലിംഗയോ എന്ന് ഷാക്കിബിനോട് വിരാട് കോലി
ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സെടുത്ത് രണ്ടാം ദിനം മടങ്ങിയിരുന്നു.
ചെന്നൈ: ഇന്ത്യ-ബംഗ്ലാദേശ് ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും വിരാട് കോലി വലിയ സ്കോര്‍ നേടാനാവാതെ പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ ബാറ്റിംഗിനിടെ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനോട് കോലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഇന്നെല ഇന്ത്യൻ ഇന്നിഗ്സിലെ പതിനഞ്ചാം ഓവറില്‍ വിരാട് കോലിക്കെതിരെ ഷാക്കിബ് തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നു. പിന്നീട് പതിനാറാം ഓവറില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഷാക്കിബിനെ നോക്കി ഇങ്ങനെ യോര്‍ക്കറുകളെറിയാന്‍ നീ ആരാ മലിംഗയാണോ എന്ന് കോലി തമാശയായി ചോദിക്കുന്ന വീഡീയോ ആണ് കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തത്. കോലിയുടെ ചോദ്യത്തെ ഷാക്കിബ് ചിരികൊണ്ടാണ് നേരിട്ടത്.
Kohli reminds Malinga to Shakib with Sinhala word 😅#INDvsBAN pic.twitter.com/71b3ooNO6t
— wajith.sm (@sm_wajith) September 21, 2024
ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ 17 റണ്‍സെടുത്ത് രണ്ടാം ദിനം മടങ്ങിയിരുന്നു. ഓഫ് സ്പപിന്നര്‍മാര്‍ക്കെതിരെ നേരിടുന്നതില്‍ എപ്പോഴും പിഴവ് പറ്റാറുള്ള കോലി ഇന്നലെ മെഹ്ദി ഹസന്‍ മിറാസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താവുകയായിരുന്നു.
എന്നാല്‍ കോലിയുടെ പുറത്താവലില്‍ അമ്പയറുടെ പിഴവും ചര്‍ച്ചയായി. ബാറ്റില്‍ തട്ടി പാഡില്‍ തട്ടിയ പന്തിലായിരുന്നു കോലി പുറത്തായത്. എന്നാല്‍ അമ്പയര്‍ ഔട്ട് വിളിച്ചതോടെ റിവ്യു എടുക്കാതെ കോലി ക്രീസ് വിടുകയായിരുന്നു. പിന്നീട് റീപ്ലേകളില്‍ പന്ത് കോലിയുടെ ബാറ്റിലുരസിയിരുന്നുവെന്ന് വ്യക്തമായതോടെ നിരാശയോടെ ഇരിക്കുന്ന കോലിയെയും കണ്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക