ലോര്‍ഡ്‌സില്‍ വിന്‍റേജ് ജിമ്മിയുടെ തേരോട്ടം; ന്യൂസിലന്‍ഡിന് കൂട്ടത്തകര്‍ച്ച, 12 റണ്ണിനിടെ 4 വിക്കറ്റ്
കളി തുടങ്ങി മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജയിംസ് ആന്‍ഡേഴ്‌സണ് മുന്നില്‍ കിവീസിന്‍റെ തകര്‍ച്ച ആരംഭിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍(ENG vs NZ 1st Test) ന്യൂസിലന്‍ഡിന് കൂട്ടത്തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 15 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റിന് 20 റണ്‍സെന്ന നിലയിലാണ്. വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ(James Anderson) തീപ്പൊരി ബൗളിംഗിന് മുന്നിലാണ് ന്യൂസിലന്‍ഡ് മുന്‍നിരയുടെ മുട്ടിടിച്ചത്. 9 റണ്ണുമായി ഡാരില്‍ മിച്ചലും(Daryl Mitchell) 3 റണ്ണെടുത്ത് ടോം ബ്ലന്‍ഡലുമാണ്(Tom Blundell) ക്രീസില്‍.
കളി തുടങ്ങി മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജയിംസ് ആന്‍ഡേഴ്‌സണ് മുന്നില്‍ കിവീസിന്‍റെ തകര്‍ച്ച ആരംഭിച്ചു. രണ്ട് പന്തില്‍ ഒരു റണ്ണുമായി വില്‍ യങ് ജോണി ബെയര്‍സ്റ്റോയുടെ കൈകളില്‍ അവസാനിച്ചു. സഹ ഓപ്പണര്‍ ടോം ലാഥമിനെ അടുത്ത ഓവറിലെ വരവില്‍ ജിമ്മി തന്നെ പവലിയനിലേക്ക് മടക്കി. ഇത്തവണയും ബെയര്‍സ്റ്റോയ്‌ക്കാണ് ക്യാച്ച്. 17 പന്ത് നേരിട്ട ലാഥമിന് ഒരു റണ്ണേ നേടാനായുള്ളൂ.
ക്രീസില്‍ ഒന്നിച്ച ദേവോണ്‍ കോണ്‍വേ-കെയ്‌ന്‍ വില്യംസണ്‍ സഖ്യത്തിനും കാലുറച്ചില്ല. എട്ടാം ഓവറിലെ ആദ്യ പന്തില്‍ കോണ്‍വേയെ സ്റ്റുവര്‍ട്ട് ബ്രോഡ്, ബെയര്‍സ്റ്റോയുടെ കൈകളിലാക്കി. ഏഴ് പന്ത് നേരിട്ട കോണ്‍വേ നേടിയത് മൂന്ന് റണ്‍ മാത്രം. പിന്നാലെ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണെ അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്സ് ഫോക്‌സിന്‍റെ കൈകളിലാക്കി. 22 പന്ത് നേരിട്ട വില്ലി നേടിയത് രണ്ട് റണ്‍ മാത്രം. ഇതോടെ 9.5 ഓവറില്‍ 12-4 എന്ന നിലയില്‍ കിവികള്‍ പതറുകയായിരുന്നു.