7.3 ഓവറിൽ ഒറ്റ റൺ പോലും വഴങ്ങാതെ 6 വിക്കറ്റ്, ചരിത്രനേട്ടവുമായി മലയാളി താരം; മേഘാലയയെ തകർത്ത് കേരളം
കേരളത്തിനെതിരെ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് 25 റണ്‍സിന് അവസാനിച്ചപ്പോള്‍ നന്ദന്‍ 7.3 ഓവറില്‍ ഒറ്റ റണ്‍ പോലും വഴങ്ങാതെ 6 വിക്കറ്റ് വീഴ്ത്തി ചരിത്ര നേട്ടം സ്വന്തമാക്കി.
ലക്നൗ:വിജയ് മെർച്ചന്‍റ് ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് ഉജ്ജ്വല വിജയം. ഇന്നിങ്സിനും 391 റൺസിനുമാണ് കേരളം മേഘാലയയെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 25 റൺസിന് പുറത്തായ മേഘാലയക്കെതിരെ കേരളം എട്ട് വിക്കറ്റിന് 478 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ട മേഘാലയ 62 റൺസിന് പുറത്തായതോടെയാണ് കേരളം കൂറ്റൻ വിജയം സ്വന്തമാക്കിയത്. ഒരു ദിവസത്തെ കളി ബാക്കിയിരിക്കെയാണ് കേരളത്തിന്‍റെ വിജയം
ആറ് വിക്കറ്റിന് 252 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് തുടർന്ന കേരളത്തിന് ക്യാപ്റ്റൻ ഇഷാൻ രാജിന്‍റെയും തോമസ് മാത്യുവിന്‍റെ ഉജ്ജ്വല ഇന്നിംഗ്സുകളാണ് കൂറ്റൻ ലീഡ് നൽകിയത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 140 റൺസ് കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായെങ്കിലും തോമസ് മാത്യു കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്നു. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു.
25 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു തോമസിന്‍റെ ഇന്നിംഗ്സ്. 140 പന്തുകളിൽ നിന്ന് 10 ഫോറടക്കം ഇഷാൻ രാജ് 93 റൺസ് നേടി. ഇന്നലെ ലെറോയ് ജോക്വിൻ ഷിബുവും കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയിരുന്നു. 38 റൺസെടുത്ത നെവിൻ, 24 റൺസെടുത്ത ദേവഗിരി എന്നിവരാണ് കേരളത്തിന് വേണ്ടി തിളങ്ങിയ മറ്റ് ബാറ്റർമാർ. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയ വീണ്ടും തകർന്നടിഞ്ഞു. സ്കോർ ബോർഡ് തുറക്കും മുൻപെ ക്യാപ്റ്റൻ സുരനയുടെ വിക്കറ്റ് നഷ്ടമായ മേഘാലയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. 14 റൺസെടുത്ത എസ് ചൗധരിയാണ് മേഘാലയയുടെ ടോപ് സ്കോറർ.
'ദയവു ചെയ്ത് എന്നെ കൊലയ്ക്ക് കൊടുക്കരുത്, അവര്‍ രണ്ടുപേരും ഇതുവരെ വിരമിച്ചിട്ടില്ലെ'ന്ന് രോഹിത് ശർമ
26ആം ഓവറിൽ വെറും 62 റൺസിന് മേഘാലയയുടെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്പിന്നറായ നന്ദൻ 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയായിരുന്നു ആറ് വിക്കറ്റ് വീഴ്ത്തിയത്. വിജയ് മെർച്ചന്‍റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടവും ഇതോടെ നന്ദൻ സ്വന്തമാക്കി. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണ്ണായക പങ്കു വഹിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക