96 പന്തില്‍ 170 റണ്‍സടിച്ച് അഭിഷേക് ശര്‍മയുടെ വെടിക്കെട്ട്, റെക്കോര്‍ഡ്; സൗരാഷ്ട്രയെ തകര്‍ത്ത് പഞ്ചാബ്
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 31 ഓവറില്‍ 298 റണ്‍സ് അടിച്ചുകൂട്ടി റെക്കോര്‍ഡിട്ടിരുന്നു.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ തകര്‍ത്ത് പഞ്ചാബ്. ഇരു ടീമുകളും വമ്പന്‍ സ്കോര്‍ അടിച്ച മത്സരത്തില്‍ 57 റണ്‍സിനായിരുന്നു പഞ്ചാബിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഇന്ത്യൻ താരം അഭിഷേക് ശര്‍മയുടെയും പ്രഭ്‌സിമ്രാന്‍ സിംഗിന്‍റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 424 റണ്‍സെടുത്തപ്പോള്‍ വാസവദയുടെ സെഞ്ചുറി നേടിയെങ്കിലും സൗരാഷ്ട്ര 50 ഓവറില്‍ 367 റണ്‍സിന് ഓള്‍ ഔട്ടായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മയും പ്രഭ്‌സിമ്രാന്‍ സിംഗും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 31 ഓവറില്‍ 298 റണ്‍സ് അടിച്ചുകൂട്ടി റെക്കോര്‍ഡിട്ടിരുന്നു. വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ബംഗാളിന്‍റെ സുദീപ് ഗര്‍മാനിയും അഭിമന്യു ഈശ്വരനും ചേര്‍ന്ന് നേടി 298 റണ്‍സിന്‍റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് ഇരുവരും ഇന്നെത്തിയത്. 2022ല്‍ അരുണാചലിനെതിരെ തമിഴ്‌നാടിനായി എന്‍ ജഗദീശനും സായ് സുദര്‍ശനും ചേര്‍ന്ന് നേടിയ 416 റണ്‍സാണ് വിജയ് ഹസാരെയിലെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ട്.
പോയന്‍റ് നിലയിലും ഇന്ത്യയും ഓസ്ട്രേലിയയും തുല്യമായാൽ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിൽ ആരെത്തും
പ്രഭ്‌സിമ്രാന്‍ സിംഗ് 95 പന്തില്‍ 125 റണ്‍സെടുത്ത് പുറത്തായപ്പോല്‍ അഭിഷേക് ശര്‍മ ഒരുപടി കൂടി കടന്ന് 96 പന്തില്‍ 170 റണ്‍സ് അടിച്ചെടുത്തു. 22 ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് അഭിഷേകിന്‍റെ ഇന്നിംഗ്സ്. 32-ാം ഓവറില്‍ അഭിഷേക് പുറത്താവുമ്പോള്‍ പഞ്ചാബ് 301 റണ്‍സിലെത്തിയിരുന്നു. പിന്നീട് ഇന്നിംഗ്സിനൊടുവില്‍ അമോല്‍ മല്‍ഹോത്രയും(45 പന്തല്‍ 48*), സന്‍വിര്‍ സിംഗും(29 പന്തില്‍ 40*) ചേര്‍ന്ന് പഞ്ചാബിനെ വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ടീം ടോട്ടലിലെത്തിച്ചു. 2022ല്‍ നാഗാലാന്‍ഡിനെതിര മധ്യപ്രദേശ് നേടിയ 424 റണ്‍സിന്‍റെ റെക്കോര്‍ഡിനൊപ്പമാണ് പഞ്ചാബ് ഇന്നെത്തിയത്. 2022ല്‍ അരുണാചല്‍പ്രദേശിനെതിരെ തമിഴ്‌നാട് നേടിയ 506-2ണ് ടൂര്‍ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍.
മറുപടി ബാറ്റിംഗില്‍ വാസവദക്കൊപ്പം ഹര്‍വിക് ദേശായി(33 പന്തില്‍ 59), ജയദേവ് ഉനദ്ഘട്ട്(37 പന്തില്‍ 48) എന്നിവരും തിളങ്ങിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക