Vijay Hazare Trophy : മഹാരാഷ്‌ട്രയെ തുടക്കത്തില്‍ വിറപ്പിച്ച് കേരളം; കീഴടങ്ങാതെ റുതുരാജ് ഗെയ്‌ക്‌വാദ്
ടൂര്‍ണമെന്‍റിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ മഹാരാഷ്‌ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു
രാജ്കോട്ട്: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ (Vijay Hazare Trophy 2021-22) മഹാരാഷ്‌ട്രക്കെതിരെ തുടക്കത്തില്‍ പിടിമുറുക്കി കേരളം (Kerala vs Maharashtra). ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മഹാരാഷ്‌ട്ര 17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലാണ്. ക്രീസില്‍ നില്‍ക്കുന്ന മിന്നും ഫോമിലുള്ള നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിലാണ് (Ruturaj Gaikwad) മഹാരാഷ്‌ട്രയുടെ പ്രതീക്ഷകള്‍.
ടൂര്‍ണമെന്‍റിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ മഹാരാഷ്‌ട്രയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്‌ണു വിനോദിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്‌നെയെ(9) സഞ്ജുവിന്‍റെ കൈകളിലാക്കി. ഇതോടെ 22-2 എന്ന നിലയിലായി മഹാരാഷ്‌ട്ര. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്‌ക്‌വാദ്-രാഹുല്‍ ത്രിപാഠി സഖ്യം സുരക്ഷിതമായി ബാറ്റ് വീശുകയാണ്.
ആദ്യ രണ്ട് കളിയും ജയിച്ച മഹാരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഛണ്ഡീഗഡിനെ തോൽപ്പിക്കുകയും മധ്യപ്രദേശിനോട് തോൽക്കുകയും ചെയ്ത കേരളം ആണ് രണ്ടാമത്. യുവതാരങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും തമ്മിലുളള പോരാട്ടമാണ് പുരോഗമിക്കുന്നത്. ആദ്യ 2 കളിയിലും സെഞ്ചുറി നേടിയ ഗെയ്‌ക്‌വാദ് മികച്ച ഫോമിലാണ്. കേരള നായകനായ സഞ്ജു ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയിട്ടില്ല. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലുമാണ് കേരള ബാറ്റര്‍മാരില്‍ മുന്നിൽ.
കേരള പ്ലേയിംഗ് ഇലവന്‍
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, നിധീഷ് എം ഡി, രോഹന്‍ എസ് കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വത്‌സാല്‍, വിശ്വേശര്‍ സുരേഷ്.
Ashes : ഗാബയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌ത്തി ഓസീസ്; 9 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍