തിരിഞ്ഞുനിന്ന് ആരാധകന്‍റെ മുഖത്ത് ഒറ്റയടി; ഷാക്കിബ് അല്‍ ഹസന്‍ വീണ്ടും വിവാദത്തില്‍, വീഡിയോ വ്യാപകം

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന വിശേഷണമുണ്ടെങ്കിലും ക്രിക്കറ്റ് മൈതാനത്തും പുറത്തും വിവാദനായകനാണ് ഷാക്കിബ് അല്‍ ഹസന്‍

Video of Shakib Al Hasan slapping a fan goes viral

ധാക്ക: വീണ്ടും വിവാദച്ചുഴിലായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ആരാധകനെ ഷാക്കിബ് തല്ലുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഏറെ ആരാധകര്‍ക്ക് നടുവിലൂടെ നടന്നുപോകുമ്പോഴാണ് തിക്കിനും തിരക്കിനുമിടെ ഷാക്കിബ് തന്‍റെ പിന്നിലുണ്ടായിരുന്ന ഒരു ആരാധകന്‍റെ മുഖത്തടിച്ചത്. എന്നാല്‍ എവിടെ, എപ്പോള്‍ നടന്ന സംഭവമാണിത് എന്ന് വ്യക്തമല്ല. ഏറെ നാള്‍ മുമ്പ് സംഭവിച്ചതാണോ ഇക്കാര്യം എന്നും വിവരങ്ങളില്ല. വീഡിയോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അവ്യക്തമെങ്കിലും രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷാക്കിബ് അല്‍ ഹസന്‍ നേരിടുന്നത്. 

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഷാക്കിബ് അല്‍ ഹസന്‍ പോളിംഗ് ബൂത്തില്‍ എത്തിയപ്പോള്‍ നടന്നതാണ് ഈ തല്ല് എന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും തെളിവുകളില്ല. തെരഞ്ഞെുപ്പില്‍ ഷാക്കിബ് 150000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. 

വീഡിയോ

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ എന്ന വിശേഷണമുണ്ടെങ്കിലും ക്രിക്കറ്റ് മൈതാനത്തും പുറത്തും വിവാദനായകനാണ് ഷാക്കിബ് അല്‍ ഹസന്‍. മുമ്പ് ധാക്കാ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സ്റ്റംപ് തട്ടിത്തെറിപ്പിച്ചത് വലിയ വിവാദമായിരുന്നു. മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തില്‍ എല്‍ബി അംപയര്‍ അനുവദിക്കാതിരുന്നതിന് പിന്നാലെ നോണ്‍സ്‌ട്രൈക്കിംഗ് എൻഡിലെ ബെയ്‌ല്‍സ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് ഷാക്കിബ് അംപയറോട് കയര്‍ക്കുകയായിരുന്നു. ഇതേ  മത്സരത്തിനിടെ ഒരിക്കല്‍ കൂടി ഷാക്കിബ് നിയന്ത്രണം വിട്ടു. അബഹാനി ലിമിറ്റഡ് ഇന്നിംഗ്‌സിലെ ആറാം ഓവറില്‍ മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു. എന്നാല്‍ നോണ്‍സ്‌ട്രൈക്ക് അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിയുകയായിരുന്നു. 

വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് 2019ല്‍ ബംഗ്ലാദേശ് ടെസ്റ്റ്- ടി20 നായകനായിരുന്ന ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്ക് ഐസിസി വിലക്കിയിരുന്നു. ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ ലംഘിച്ചതായി ഐസിസി അഴിമതി വിരുദ്ധ കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചിരുന്നു. ഇതോടെ വിലക്കില്‍ ഇളവ് ലഭിക്കുകയും രാജ്യാന്തര ക്രിക്കറ്റിലേക്ക് താരം തിരിച്ചെത്തുകയുമായിരുന്നു. 

Read more: നാലിൽ 3 ഇന്ത്യക്കാര്‍, ഷമി വിയര്‍ക്കും; മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള താരപട്ടികയായി, മാക്‌സ്‍വെല്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios