ഗാസയിലെ ആശുപത്രിയില്‍ കൂട്ടക്കുരുതിയുണ്ടാക്കിയത് ഹമാസ് റോക്കറ്റ് എന്ന് വീഡിയോ, സത്യമോ- Fact Check
ആരോപണ പ്രത്യാരോപണവും ആഗോള സമൂഹത്തിന്‍റെ വിമര്‍ശനവും ശക്തമായിരിക്കേ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം തുടരവെ ഗാസയിലെ ആശുപത്രിയില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടതായി വന്ന റിപ്പോര്‍ട്ടുകള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് ആശുപത്രിയില്‍ കൂട്ടക്കുരുതിയുണ്ടായത് എന്നാണ് പലസ്‌തീന്‍റെ വാദം. എന്നാല്‍ ഗാസയില്‍ നിന്നുതന്നെ തൊടുത്ത ലക്ഷ്യംതെറ്റിയ മിസൈല്‍ പതിച്ചാണ് ആശുപത്രിയില്‍ കൂട്ടമരണമുണ്ടായത് എന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ദാരുണ സംഭവത്തില്‍ ആരോപണ പ്രത്യാരോപണവും ആഗോള സമൂഹത്തിന്‍റെ വിമര്‍ശനവും ശക്തമായിരിക്കേ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മലയാളത്തിലുമുണ്ട് പോസ്റ്റുകള്‍.
പ്രചാരണം
'ബിഗ് ബ്രേക്കിംഗ്. ഹമാസിന്‍റെ സ്വന്തം പാളിപ്പോയ റോക്കറ്റ് ഗാസയിലെ ആശുപത്രി തകര്‍ക്കുന്നതിന്‍റെ തല്‍സമയ ദൃശ്യങ്ങളാണിത്. ഹമാസിന്‍റെ 30-40 ശതമാനം റോക്കറ്റുകളും ലക്ഷ്യംതെറ്റി ഗാസ മുനമ്പില്‍ തന്നെ വീണു' എന്നുമാണ് ദീപക് ജാന്‍ഗിദ് എന്നയാളുടെ ട്വീറ്റ്. ഒരു റോക്കറ്റ് ലക്ഷ്യം തെറ്റി പതിക്കുന്നതിന്‍റെ വീഡിയോ സഹിതം 2023 ഒക്ടോബര്‍ 18ന് ചെയ്‌തിരിക്കുന്ന ട്വീറ്റ് ഇതിനകം അമ്പതിനായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. ഈ വീഡിയോ ഏറെ പഴയതാണ് എന്ന് പലരും കമന്‍റ് രേഖപ്പെടുത്തിയുണ്ട് എന്നതിനാല്‍ ദൃശ്യങ്ങള്‍ ഫാക്ട് ചെക്കിന് വിധേയമാക്കി.
പ്രചരിക്കുന്ന വീഡിയോ
ഇതേ വീഡിയോ ബിജിന്‍ വില്‍സണ്‍ എന്ന എഫ്ബി യൂസർ 2023 ഒക്ടോബർ 18ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും കാണാം. 'ഇസ്രായേലിലേക്ക് ഹമസ് വിട്ട റോക്കറ്റ് പാളി പോയി അവിടെ തന്നെ ഉള്ള ഹോസ്പിറ്റലിൽ വീണു 500 ഓളം പേര് മരിച്ചു. വ്യക്തമായ വീഡിയോ റിപ്പോർട്ട്'- എന്ന കുറിപ്പോടെയാണ് ബിജിന്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വസ്‌തുത
വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ലഭ്യമായ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഈ വീഡിയോ 2022 ഓഗസ്റ്റ് ഏഴിന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാണ്. പലസ്‌തീന്‍ ഇസ്‌ലാമിക് ജിഹാദിന്‍റെ ലക്ഷ്യംതെറ്റിയ റോക്കറ്റ് പലസ്‌തീനിലെ ജബലിയയില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു ട്വീറ്റ്. ഈ അപകടത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു എന്നും ട്വീറ്റിലുണ്ട്. സമാന വീഡിയോ ഫേസ്‌ബുക്കിലും 2022ല്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. അതേസമയം രണ്ട് ദിവസം മുമ്പ് മാത്രമാണ് ഗാസയിലെ ആശുപത്രിയില്‍ ദാരുണ ദുരന്തമുണ്ടായത്.
ഇപ്പോഴത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന്‍റെ എന്ന വാദത്തോടെ 2023 ഒക്ടോബര്‍ 18ന് ട്വിറ്ററിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട വീഡിയോയും 2022 ഓഗസ്റ്റ് ഏഴിന് ട്വീറ്റ് ചെയ്തിരിക്കുന്ന വീഡിയോയും ഒന്നുതന്നെയെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. ഇതിനാല്‍തന്നെ കഴിഞ്ഞ ദിവസം ഗാസയിലെ ആശുപത്രിയിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യമല്ല ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് ഉറപ്പിക്കാം.
2022ലെ സമാന വീഡിയോകള്‍
നിഗമനം
ഗാസ ആശുപത്രിയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിന് ഇടയാക്കി ഹമാസ് റോക്കറ്റ് വീഴുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണ്. ഈ വീഡിയോ 2022 മുതല്‍ ഇന്‍റര്‍നെറ്റില്‍ കാണാം. ഗാസയിലെ ആശുപത്രിയില്‍ റോക്കറ്റ് പതിച്ച ഇപ്പോഴത്തെ സംഭവികാസങ്ങളുമായി വീഡിയോയ്‌ക്ക് ബന്ധമില്ല എന്നുറപ്പിക്കാം. ഗാസ ആശുപത്രിയില്‍ ആരുടെ റോക്കറ്റാണ് പതിച്ചത് എന്നത് സംബന്ധിച്ചും മരണസംഖ്യ സംബന്ധിച്ചും ഇനിയും വ്യക്തത വരാനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം