'അയ്യേ, രോഹിത് ശര്‍മ്മ വെറും ശരാശരി ക്യാപ്റ്റനായിപ്പോയി'; തോല്‍വിയില്‍ കടന്നാക്രമിച്ച് മൈക്കല്‍ വോണ്‍
നാലാം ദിനം ക്യാപ്റ്റന്‍റെ ശരീരഭാഷ ടീമിനെ തളര്‍ത്തുന്നതായിരുന്നു എന്ന വിമര്‍ശനവും ശക്തമാണ്
ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിന് തോറ്റ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍. ഹൈദരാബാദിലെ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി വളരെ ശരാശരി മാത്രമായിരുന്നു എന്ന് ഇംഗ്ലീഷ് മുന്‍ നായകന്‍ കൂടിയായ വോണ്‍ പരിഹസിച്ചു. ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ ശൈലിക്ക് രോഹിത് ശര്‍മ്മയുടെ കയ്യില്‍ മറുപടിയില്ലായിരുന്നു എന്ന് മൈക്കല്‍ വോണ്‍ പറയുന്നു.
'ഒരു പരമ്പരയിലെ ആദ്യ മത്സരം വരുമ്പോള്‍ ബാസ്ബോള്‍ ശൈലിക്കെതിരെ ക്യാപ്റ്റന്‍മാര്‍ ഏറെ പാടുപെടുന്നത് നമ്മള്‍ വീണ്ടും വീണ്ടും കാണുകയാണ്. ഇന്ത്യയാണ് ആ കെണിയില്‍ ഏറ്റവും പുതിയതായി വീണിരിക്കുന്ന ടീം. ഇന്ത്യ ഹൈദരാബാദിലെ ആദ്യ ടെസ്റ്റ് മത്സരം തോറ്റപ്പോള്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി വെറും ശരാശരി മാത്രമാണ് എന്നാണ് എനിക്ക് തോന്നിയത്. ഓലീ പോപിന്‍റെ സ്വീപ്പിനോ റിവേഴ്‌സ് സ്വീപ്പിനോ മുന്നില്‍ രോഹിത് ശര്‍മ്മയ്ക്ക് ഉത്തരമില്ലായിരുന്നു. ഇംഗ്ലണ്ട് കളിക്കുന്ന ശൈലി വച്ച് എപ്പോള്‍ വേണമെങ്കിലും ബൗണ്ടറി നേടാം' എന്നും മൈക്കല്‍ വോണ്‍ ദി ടെലഗ്രാഫിലെ കോളത്തില്‍ എഴുതി. ഹൈദരാബാദ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മനസില്‍ പ്ലാന്‍ ബി ഉണ്ടായിരുന്നില്ല എന്ന് വോണ്‍ നിരീക്ഷിക്കുന്നു.
ഹൈദരാബാദ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി 278 പന്തില്‍ 196 റണ്‍സ് നേടിയ ഓലീ പോപിനെതിരെ ഇന്ത്യയുടെ തന്ത്രങ്ങള്‍ പിഴയ്ക്കുന്നത് കണ്ടിരുന്നു. ഇംഗ്ലണ്ട് പത്ത് ബൗണ്ടറികളോടെ 48 റണ്‍സ് റിവേഴ്സ് സ്വീപ്പിലൂടെ നേടിയപ്പോള്‍ ആവശ്യമായ ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ ഹിറ്റ്മാനായില്ല. ബെന്‍ ഡക്കെറ്റും സാക്ക് ക്രൗലിയും രവിചന്ദ്രന്‍ അശ്വിനെയും അക്സര്‍ പട്ടേലിനെയും ബാസ്ബോള്‍ ആക്കിയപ്പോള്‍ ബൗളര്‍മാരെ മാറ്റി പരീക്ഷിക്കാന്‍ രോഹിത്തിനായിരുന്നില്ല. മത്സരം അവസാനിച്ച നാലാം ദിനം ക്യാപ്റ്റന്‍റെ ശരീരഭാഷ ടീമിനെ തളര്‍ത്തുന്നതായിരുന്നു എന്ന വിമര്‍ശനവും ശക്തമാണ്.
Read more: എന്തുകൊണ്ട് തോറ്റു; ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ്മ, ഒടുവില്‍ കുറ്റസമ്മതം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം