ടി20 ലോകകപ്പ്: അയാള്‍ ഇന്ത്യന്‍ ടീമിലില്ലാത്ത് എന്നെ അത്ഭുതപ്പെടുത്തി; ഞെട്ടല്‍ പരസ്യമാക്കി ബ്രെറ്റ് ലീ
ഒക്ടോബര്‍ 23-ാം തിയതി പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം
സിഡ്‌നി: ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ കരുതിയ പല താരങ്ങളും പട്ടികയിലുണ്ടായിരുന്നില്ല. സഞ്ജു സാംസണായിരുന്നു ഇവരിലൊരാള്‍. മറ്റൊരാള്‍ ഉമ്രാന്‍ മാലിക്കും. ഐപിഎല്ലില്‍ റോ പേസുകൊണ്ട് അമ്പരപ്പിച്ച ഉമ്രാന് ഓസ്ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ തിളങ്ങാനാകും എന്നായിരുന്നു താരത്തെ പിന്തുണയ്‌ക്കുന്നവരുടെ വാദം. ഇതേ വാദമാണ് ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീയും മുന്നോട്ടുവെക്കുന്നത്.
ഉമ്രാന്‍ മാലിക്കിന്‍റെ കാര്യത്തില്‍ മാത്രമല്ല ബ്രെറ്റ് ലീ ഇത്തരത്തില്‍ അത്ഭുതം പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താത്ത കാമറൂണ്‍ ഗ്രീനിനെ കുറിച്ചും ലീയ്ക്ക് ചിലത് പറയാനുണ്ട്. അടുത്തിടെ ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഓള്‍റൗണ്ട് മികവ് കൊണ്ട് ഗ്രീന്‍ അത്ഭുതപ്പെടുത്തിയിരുന്നു.
'ഓസ്ട്രേലിയയില്‍ ഉമ്രാന്‍ മാലിക് കളിക്കുന്നത് കാണാന്‍ ആഗ്രഹിച്ചിരുന്നു. അതിനാല്‍ താരം ടി20 ലോകകപ്പിലില്ലാത്തത് എന്നെ ഞെട്ടിച്ചു. ടീം ഇന്ത്യക്കായി ഉമ്രാന്‍ മാലിക് കളിക്കേണ്ടിയിരുന്നതാണ്. ഓസ്ട്രേലിയക്കായി കാമറൂണ്‍ ഗ്രീനും കളിക്കണമായിരുന്നു. ഗ്രീന്‍ ടീമിലില്ലാത്തത് വിശ്വസിക്കാനാവുന്നില്ല. പേസും ബൗണ്‍സും നിര്‍ണായകമാണ്. എന്നാല്‍ മികച്ച പേസില്‍ മോശം ലെങ്‌തില്‍ ഡെത്ത് ഓവറുകളില്‍ പന്തെറിഞ്ഞാല്‍ വില കൊടുക്കേണ്ടിവരും. പേസ് നല്ലതാണ്, അതിനൊപ്പം തന്ത്രങ്ങള്‍ എങ്ങനെ നടപ്പാക്കുന്നു എന്നതും ബൗളര്‍മാര്‍ക്ക് പ്രധാനമാണ്' എന്നും ലീ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 23-ാം തിയതി പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അയല്‍ക്കാരുടെ പോരാട്ടം. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി മുഹമ്മദ് ഷമി സ്ക്വാഡിലെത്തുമെന്നാണ് സൂചനകള്‍. അതിനാല്‍ ഇനി ഉമ്രാന്‍ മാലിക്ക് പ്രധാന സ്ക്വാഡിലെത്താന്‍ സാധ്യതയില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റ് ഉമ്രാന്‍ വീഴ്‌ത്തിയിരുന്നു. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ ഐപിഎല്ലില്‍ ഉമ്രാനായിരുന്നു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.
ENG vs IND : അവസരങ്ങള്‍ അവസാനിക്കുന്നില്ല, ഉമ്രാന്‍ മാലിക്കിന് രോഹിത്തിന്‍റെ സന്തോഷ വാർത്ത