ഇത്തിരി കുഞ്ഞന്മാരുടെ വിജയം! ടി20 ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച് ഉഗാണ്ട; പാപുവ ന്യൂ ഗിനിക്കെതിരെ ആദ്യ ജയം
ഒരുഘട്ടത്തില്‍ തോല്‍വിയുടെ വക്കിലായിരുന്നു ഉഗാണ്ട. 6.3 ഓവറില്‍ അവര്‍ അഞ്ചിന് 26 എന്ന നിലയിലേക്ക് മൂക്കുകുത്തി വീണിരുന്നു.
ഗയാന: ടി20 ലോകകപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി ഉഗാണ്ട. ഇന്ന് പാപുവ ന്യൂ ഗിനിയെ തോല്‍പ്പിച്ചതോടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യജയം സ്വന്തമാക്കുകയായിരുന്നു ഉഗാണ്ട. രണ്ട് ഇന്നിംഗ്‌സിലും ചെറിയ സ്‌കോര്‍ കണ്ട മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഉഗാണ്ടയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാപുവ ന്യൂ ഗിനി 19.1 ഓവറില്‍ 77ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഉഗാണ്ട 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പാപുവ ന്യൂ ഗിനിക്കെതിരെ ഉഗാണ്ടയുടെ ആദ്യ വിജയം കൂടിയാണിത്.
ഒരുഘട്ടത്തില്‍ തോല്‍വിയുടെ വക്കിലായിരുന്നു ഉഗാണ്ട. 6.3 ഓവറില്‍ അവര്‍ അഞ്ചിന് 26 എന്ന നിലയിലേക്ക് മൂക്കുകുത്തി വീണിരുന്നു. റോജര്‍ മുകാസ (0), സിമോണ്‍ സെസായ് (1), റോബിന്‍സണ്‍ ഒബൂയ (1), അല്‍പേഷ് രാംജനി (8), ദിനേശ് നക്രാണി (0) എന്നിവര്‍ക്കൊന്നും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ റിയാസത് അലി ഷാ (56 പന്തില്‍ 33) നടത്തിയ പ്രകടനമാണ് ഉഗാണ്ടയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമായത്. ജുമാ മിയാഗിക്കൊപ്പം 35 ചേര്‍ക്കാന്‍ റിയാസത്തിനായി. ഇരുവരും പുറത്തായെങ്കിലും കെന്നെത്ത് വൈശ്വ (7) ഉഗാണ്ടയെ വിജയത്തിലേക്ക് നയിച്ചു. ബ്രയാന്‍ മസാബ (0) പുറത്താവാതെ നിന്നു. എക്‌സ്ട്രായിനത്തില്‍ 15 റണ്‍സും ഉഗാണ്ടയ്ക്ക് ലഭിച്ചു. രണ്ട് ഫോറുകള്‍ മാത്രമാണ് ഉഗാണ്ടയുടെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നത്. പാപുവയ്ക്ക് വേണ്ടി അലേയ് നോ, നോര്‍മന്‍ വന്വ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ നാല് ഓവറില്‍ നാല് വിക്കറ്റ് മാത്രം വഴങ്ി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഫ്രാങ്ക് സുബുഗയാണ് പാപുവയെ തകര്‍ത്തത്. ഇതോടെ ടി20 ചരിത്രത്തില്‍ നാല് ഓവറില്‍ ഏറ്റവും കുറഞ്ഞ റണ്‍ വിട്ടുകൊടുക്കുന്ന താരമാവാന്‍ സുബുഗയ്ക്ക് സാധിച്ചു. രാംജാനി, കോസ്മസ് യെവുട, മിയാഗ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 15 റണ്‍സ് നേടിയ ഹിരി ഹിരിയാണ് പാപുവയുടെ ടോ സ്‌കോറര്‍. എക്‌സ്ട്രയിലൂടെ ലഭിച്ച 13 റണ്‍സാണ് അടുത്ത ഉയര്‍ന്ന സ്‌കോര്‍.
ലെഗ് സിയാക (12), കിപ്ലിന്‍ ദൊരിഗ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുന്‍നിര താരങ്ങളായ അസ്സദ് വല (0), ടോണി ഉറ (1), സെസെ ബൗ(5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ചാള്‍സ് അമിനി (5), ചാഡ് സോപര്‍ (4), നോര്‍മന്‍ വന്വ (5), അലേയ് നോ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാപുവയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നത് ഒരു സിക്‌സും രണ്ട് ഫോറും മാത്രം.