മുംബൈയുടെ നീലക്കുപ്പായത്തില്‍ രോഹിത് ശർമക്കുപോലും ഇല്ലാത്ത നേട്ടം, അപൂര്‍വ റെക്കോര്‍ഡിട്ട് ട്രെന്‍റ് ബോള്‍ട്ട്
ഒരു ടീമിന്‍റെ ഉടമസ്ഥതയിലുള്ള നാലു ഫ്രാഞ്ചൈസികള്‍ക്കൊപ്പം ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ട്രെന്‍റ് ബോള്‍ട്ട്.
![Trent Boult Creates History, Becomes First Player to win four T20 titles with four different teams of the same franchise Trent Boult Creates History, Becomes First Player to win four T20 titles with four different teams of the same franchise](https://static-gi.asianetnews.com/images/01jkmc1e4ar73pnn7szfa5x6v9/trent-boult-mumbai-indians_363x203xt.jpg)
ജൊഹാനസ്ബര്‍ഗ്: ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് എംഐ കേപ്‌ടൗണ്‍ താരവും ന്യൂസിലന്‍ഡ് പേസറുമായ ട്രെന്‍റ് ബോള്‍ട്ട്. ഇന്നലെ നടന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എംഐ കേപ്‌ടൗണിനെ ചാമ്പ്യൻമാരാക്കിയതോടെ ഒരു ടീമിന്‍റെ ഉടമസ്ഥതയിലുള്ള നാലു ഫ്രാഞ്ചൈസികള്‍ക്കൊപ്പം ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
2020ല്‍ മംബൈ ഇന്ത്യൻസ് താരമായിരുന്ന ബോള്‍ട്ട് ഐപിഎല്‍ കിരീടം നേടിയ മുംബൈ ടീമിലംഗമായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഫൈനലില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബോള്‍ട്ടിന്‍റെ പ്രകടനം മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അന്ന് ബോൾട്ട് മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ വിക്കറ്റെടുത്ത് ഡല്‍ഹിയെ ഞെട്ടിച്ചിരുന്നു.
വിരാട് കോലി തിരിച്ചെത്തും, ടീമില്‍ 2 മാറ്റം ഉറപ്പ്; പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
2023ല്‍ യുഎസിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യൻസിന്‍റെ ഉടമസ്ഥതയിലുള്ള എംഐ ന്യൂയോര്‍ക്ക് കിരീടം നേടിയപ്പോള്‍ ബോള്‍ട്ട് ന്യൂയോര്‍ക്കിന്‍റെ താരമായി ടീമിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍ എംഐ എമിറേറ്റ്സ് ചാമ്പ്യൻമാരായപ്പോഴും ബോള്‍ട്ട് ടീം അംഗമായിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ എം ഐ കേപ്‌ടൗണിനെ ചാമ്പ്യൻമാരാക്കിയ ബോള്‍ട്ട് ഏത് ലീഗിലും മുംബൈ ടീമിന്‍റെ വിശ്വസ്തനായി മാറി.
ഇന്നലെ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപിനെതിരെ നടന്ന കിരീടപ്പോരാട്ടത്തില്‍ നാലോവറില്‍ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ബോള്‍ട്ട് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത എംഐ കേപ്‌ടൗണ്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചപ്പോള്‍ സണ്‍റൈസേഴ്സ് ഈസ്റ്റേണ് കേപ് 18.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ ഔട്ടായി. വരുന്ന ഐപിഎല്ലിലും മുംബൈയുടെ നീലക്കുപ്പായത്തിൽ ബോള്‍ട്ടിനെ കാണാം. കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടായിരുന്നു ബോള്‍ട്ട് കളിച്ചിരുന്നത്.12.50 കോടി രൂപക്കാണ് ഐപിഎല്‍ താരലേലത്തില്‍ മുംബൈ ബോള്‍ട്ടിനെ സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക