ഒരാള്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന്‍റെ വിധിയെഴുതുക മൂന്ന് താരങ്ങള്‍
ബാറ്റും തന്ത്രങ്ങളും കൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ് താനെന്ന് സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ തെളിയിച്ചതാണ്
ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ കപ്പെടുക്കാനുറച്ച് ഇറങ്ങുന്ന ടീമുകളില്‍ ഒന്നാണ് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ തവണ ഗുജറാത്ത് ടൈറ്റന്‍സിനോട് കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്‍റെ ലക്ഷ്യം. ഒട്ടേറെ മികച്ച താരങ്ങളുള്ള ടീമിലെ ഏറ്റവും ശ്രദ്ധേയ കളിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.
1. സഞ്ജു സാംസണ്‍
ബാറ്റും തന്ത്രങ്ങളും കൊണ്ട് മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ് താനെന്ന് സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ തെളിയിച്ചതാണ്. ഇക്കുറി അത് മാത്രമല്ല സഞ്ജുവിന് മുന്നിലുള്ള വെല്ലുവിളി. ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കേ ഐപിഎല്ലിലെ പ്രകടനം മലയാളി താരത്തിന് നിര്‍ണായകമാകും. ശ്രേയസ് അയ്യര്‍ പരിക്കിലും സൂര്യകുമാര്‍ യാദവ് 50 ഓവര്‍ ഫോര്‍മാറ്റില്‍ ഫോമിലല്ലാത്തതും സഞ്ജുവിന്‍റെ ലോകകപ്പ് മോഹങ്ങള്‍ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാനെ ഫൈനിലെത്തിച്ച സഞ്ജു 17 മത്സരങ്ങളില്‍ 458 റണ്‍സ് സ്വന്തമാക്കി.
2. ജോസ് ബട്‌ലര്‍
ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പോന്ന താരം എന്നതാണ് ജോസ് ബട്‌ലര്‍ക്കുള്ള വിശേഷണം. ഇംഗ്ലണ്ടിന്‍റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ നിറഞ്ഞാടിയാല്‍ രാജസ്ഥാന്‍ റണ്‍മഴ പെയ്യിക്കും എന്നതാണ് മുന്‍കാല ചരിത്രം. കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ 149.05 പ്രഹരശേഷിയില്‍ 863 റണ്‍സ് നേടിയ ബട്‌ലറുടെ അടിമികവ് ഇക്കാര്യത്തിന് അടിവരയിടുന്നു. ഒരിക്കല്‍ കൂടി ബട്‌ലറുടെ ബാറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.
3. യുസ്‌വേന്ദ്ര ചാഹല്‍
കഴിഞ്ഞ തവണത്തെ പര്‍പ്പിള്‍ ക്യാപ് വിന്നറായ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നിര്‍ണായക താരങ്ങളിലൊരാളാണ്. ഐപിഎല്‍ 2022 സീസണില്‍ 27 വിക്കറ്റാണ് ചാഹല്‍ വീഴ്‌ത്തിയത്. ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ ചാഹലിന് അവസരം ലഭിച്ചിരുന്നില്ല. ഓസ്ട്രേലിയക്ക് എതിരെ അവസാനം നടന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലും ചാഹലിന് അവസരം ലഭിച്ചില്ല. അതിനാല്‍ ഇന്ത്യന്‍ സീനിയര്‍ സെലക്‌ടര്‍മാരുടെ കണ്ണില്‍ പെടാന്‍ ചാഹലിന് ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാണ്.
ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിന് എത്തിയിരിക്കുന്നത് പരിക്കുമായി; സിഎസ്‌കെയ്‌ക്ക് ആശങ്ക