'ബിജെപിയിൽ ചേർന്നില്ല, ഗാംഗുലിയെ പുറത്താക്കി'; സൗരവ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയെന്ന് തൃണമൂൽ
ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു
ദില്ലി: സൗരവ് ഗാംഗുലിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്. ഗാംഗുലി ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഇരയാണെന്ന് ടിഎംസി നേതാവ് ശന്തനു സെൻ ആരോപിച്ചു. ബിജെപിയിൽ ചേരാൻ ഗാംഗുലിക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. ഈ സമ്മർദ്ദത്തിന് ഗാംഗുലി വഴങ്ങാത്തതാണ് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമെന്നും ടിഎംസി ആരോപിച്ചു. അധ്യക്ഷ സ്ഥാനത്ത് ഗാംഗുലിയുടേത് മോശം പ്രകടനമാണെന്ന വിലയിരുത്തലിനെതിരെയും ടിഎംസി രംഗത്തെത്തി. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോഴാണ് ഗാംഗുലിയെ ഒഴിവാക്കിയിരിക്കുന്നതെന്ന് ശന്തനു സെൻ ആരോപിച്ചു.
ഈ മാസം 18നാണ് ബിസിസിഐയുടെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുക. ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമതൊരു അവസരം കൂടി സൗരവ് ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന നിലപാടിലാണ് സെക്രട്ടറി ജയ് ഷായും സംഘവും സ്വീകരിച്ചത്. ഒരു പ്രമുഖ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞയാഴ്ച ദില്ലിയിൽ നടന്ന ചർച്ചയിൽ രൂക്ഷ വിമർശനമാണ് സൗരവ് ഗാംഗുലി നേരിട്ടത്. ഐപിഎൽ ചെയർമാൻ പദവി വാഗ്ദാനം ചെയ്തുവെങ്കിലും തരംതാഴ്ത്തലെന്ന് ബോധ്യമായതോടെ ഗാംഗുലി പിന്മാറിയതായും റിപ്പോർട്ടുകളുണ്ട്.
2019ൽ ബ്രിജേഷ് പട്ടേലിനെ മറികടന്ന് അവസാന നിമിഷം നാടകീയമായി ബിസിസിഐ തലപ്പത്തെത്തിയ ഗാംഗുലി വൈകാതെ ജയ് ഷായുടെ നിഴലിലൊതുങ്ങുന്നതാണ് പിന്നീട് കണ്ടത്. സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചട്ടവിരുദ്ധമായി പങ്കെടുത്തതും ഇന്ത്യന്‍ നായകനായിരുന്ന വിരാട് കോലിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതും ഗാംഗുലിയെ വിവാദത്തിലാക്കി.
ബിസിസിഐ പ്രസിഡന്‍റ്, ഗാംഗുലി പുറത്തേക്ക്; റോജര്‍ ബിന്നി പുതിയ പ്രസിഡന്‍റാകും
മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയെ ഗാംഗുലിക്ക് പകരം പുതിയ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ തത്വത്തില്‍ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോള്‍ രാജിവ് ശുക്ല വൈസ് പ്രസിഡന്‍റാവും. റോജര്‍ ബിന്നി പ്രസിഡന്‍റാവുമ്പോള്‍ നിലവിലെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമാല്‍ ബ്രിജേഷ് പട്ടേലിന് പകരം ഐപിഎല്‍ ഭരണസമിതി ചെയര്‍മാനാവും.