ധോണിയെപ്പോലെ രോഹിത്തും ആ നിര്‍ണായക തീരുമാനമെടുക്കണം, പിന്നെയെല്ലാം ചരിത്രമാകുമെന്ന് വസീം ജാഫര്‍
മധ്യനിരയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും റിഷഭ് പന്ത് പതറുന്ന പശ്ചത്തലത്തില്‍ കൂടിയാണ് ജാഫറിന്‍റെ നിര്‍ദേശം. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ആറോവറില്‍ റിഷഭ് പന്തിന് അടിച്ചു തകര്‍ക്കാന്‍ ഓപ്പണറെന്ന നിലയില്‍ കഴിയും. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തിനെ ഓപ്പണറാക്കി ഇന്ത്യ പരീക്ഷിച്ചിരുന്നു.
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഫോമിലുള്ള സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെയും ഫോമില്ലില്ലാത്ത റിഷഭ് പന്തിനെ നിലനിര്‍ത്തിയതിനെക്കുറിച്ചും ചര്‍ച്ചകളാണ് എങ്ങും. ഇടം കൈയന്‍ ബാറ്ററാണെന്ന ആനുകൂല്യത്തിലാണ് റിഷഭ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയത് എന്നാണ് വിലയിരുത്തല്‍. രവീന്ദ്ര ജഡേജ കൂടി പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ ഉള്ള ഒരേയൊരു ഇടം കൈയന്‍ ബാറ്ററാണ് റിഷഭ് പന്ത്. ടി20 ക്രിക്കറ്റില്‍ അഞ്ചാമനായി ക്രീസിലെത്തുന്ന പന്തിന് പക്ഷെ തന്‍റെ പതിവ് ആക്രമണ ബാറ്റിംഗ് പുറത്തെടുക്കാനായിട്ടില്ല. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.
റിഷഭ് പന്തിനെ കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യിക്കണമെന്നാണ് ജാഫറിന്‍റെ നിര്‍ദേശം. പന്ത് ഓപ്പണറാവുമ്പോള്‍ രോഹിത്തിന് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാവും. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത്തിനെ ഓപ്പണറായി ഇറക്കിയ ധോണിയുടെ തീരുമാനത്തിന് ശേഷം പിന്നീട് നടന്നത് ചരിത്രമാണെന്നും റിഷഭ് പന്തിനെയും ഇത്തരത്തില്‍ ഓപ്പണറാക്കി ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് രോഹിത് ശര്‍മക്ക് മുന്നിലുള്ളതെന്നും വസീം ജാഫര്‍ പറയുന്നു. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരാണ് തന്‍റെ ടോപ് ഫൈവ് ബാറ്റര്‍മാരെന്നും ജാഫര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
മധ്യനിരയില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും റിഷഭ് പന്ത് പതറുന്ന പശ്ചത്തലത്തില്‍ കൂടിയാണ് ജാഫറിന്‍റെ നിര്‍ദേശം. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ആറോവറില്‍ റിഷഭ് പന്തിന് അടിച്ചു തകര്‍ക്കാന്‍ ഓപ്പണറെന്ന നിലയില്‍ കഴിയും. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ റിഷഭ് പന്തിനെ ഓപ്പണറാക്കി ഇന്ത്യ പരീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെ സൂര്യകുമാറിനെ ആണ് ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്. പന്തിനെ ഓപ്പണറാക്കിയുള്ള പരീക്ഷണം പിന്നീട് ഇന്ത്യ തുടര്‍ന്നതുമില്ല.
ഓപ്പണിംഗില്‍ കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് രോഹിത്തിലുണ്ടാവുന്ന സമ്മര്‍ദ്ദം മാറ്റാന്‍ പന്തിനെ ഓപ്പണറാക്കുന്നതിലൂടെ കഴിയുമെന്നതും ഗുണകരമാണ്. രോഹിത് മധ്യനിരയില്‍ ഇറങ്ങുന്നതോടെ മധ്യോ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍ത്തടിക്കാന്‍ കഴിയുന്ന ബാറ്ററെയും ഇന്ത്യക്ക് ലഭിക്കും. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരകളില്‍ പന്ത് ഓപ്പണര്‍ സ്ഥാനത്ത് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.