ഇരുട്ടി വെളുത്തപ്പോള്‍ കഥമാറി! ഇതെന്ത് മറിമായം? 72 റാങ്കിലായിരുന്നു തിലക്, കണ്ണ് തുറന്നപ്പോള്‍ മൂന്നാമത്
റാങ്കിംഗ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുമ്പു വരെ 72 -ാം റാങ്കിലായിരുന്നു തിലക്.
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ യുവതാരം തിലക് വര്‍മ വന്‍ കുതിപ്പാണ് നടത്തിയത്. 69 സ്ഥാനം മെച്ചപ്പെടുത്തിയ തിലക് വര്‍മ മൂന്നാം സ്ഥാനത്തേക്ക് കയറി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ് തിലകിനെ ആദ്യ മൂന്നിലെത്തിച്ചത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ തിലക് തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. നാലു കളികളില്‍ 280 റണ്‍സടിച്ച തിലക് വര്‍മ സെഞ്ചുറി നേടിയ രണ്ട് കളിയിലും നോട്ടൗട്ടായിരുന്നു. 140 ശരാശരിയും 198.58 സ്ട്രൈക്ക് റേറ്റും സ്വന്തമാക്കിയാണ് പരമ്പരയുടെയും കളിയിലെയും താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
തിലകിന്റെ കുതിപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടിം ആരാധകരെ ഞെട്ടിപ്പിച്ചത്. റാങ്കിംഗ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുമ്പു വരെ 72 -ാം റാങ്കിലായിരുന്നു തിലക്. ഒറ്റയടിക്ക് ദിവസം മൂന്നാം റാങ്കിലെത്താന്‍ താരത്തിന് സാധിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം നമ്പറിലെത്തിയാണ് തിലക് രണ്ട് മത്സരത്തിലും സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആ സ്ഥാനമാവട്ടെ താരം ചോദിച്ചുവാങ്ങിയതുമായിരുന്നു. അതേസമയം, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 17 സ്ഥാനം മെപ്പെടുത്തി 22-ാം റാങ്കിലുമെത്തി.
ഫോമിലല്ല, എങ്കിലും ഓസ്‌ട്രേലിയയില്‍ കോലിയെ കാത്ത് ചില റെക്കോഡുകള്‍, സച്ചിനെ മറിടക്കാം
ദക്ഷിണാഫ്രിക്കയില്‍ സഞ്ജുവും രണ്ട് വീതം സെഞ്ചുറികള്‍ നേടിയിരുന്നു. സഞ്ജു ആദ്യത്തേയും അവസാനത്തേയും മത്സരങ്ങളിലാണ് സെഞ്ചുറി നേടുന്നത്. രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ സഞ്ജുവിന് റണ്‍സെടുക്കാന്‍ സാധിക്കാതിരുന്നത് തിരിച്ചടിയായി. അവസാന മത്സരത്തിലും സെഞ്ചുറി നേടി ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച സഞ്ജു പരമ്പരയില്‍ 72 റണ്‍സ് ശരാശരിയിലും 194.58 സ്ട്രൈക്ക് റേറ്റിലും 216 റണ്‍സാണ് അടിച്ചെടുത്തത്. റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാമത്. തിലകിന്റെ കുതിപ്പോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്കിറങ്ങി.
പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍. തൊട്ടുതാഴെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ലര്‍. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാള്‍ എട്ടാമതായി. പതും നിസ്സങ്ക, റഹ്മാനുള്ള ഗുര്‍ബാസ് എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍. പതിനഞ്ചാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്കവാദാണ് സഞ്ജുവിന് മുന്നിലുള്ള ഇന്ത്യന്‍ താരം. അഞ്ച് സ്ഥാനങ്ങള്‍ ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 34-ാം സ്ഥാനത്തായി.
സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ചു; ക്രിക്കറ്റ് മത്സരത്തിനിടെ അംപയര്‍ക്ക് പരിക്ക്
ബൗളര്‍മാരുടെ റാങ്കില്‍ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് ആദ്യ പത്തിലെത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ഒമ്പതാം സ്ഥാനത്താണ്. ഒരു സ്ഥാനം നഷ്ടമായ രവി ബിഷ്ണോയ് എട്ടാമത്. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേല്‍ 13-ാം റാങ്കിലെത്തി. അതേസമയം അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയ ഓസീസ് സ്പിന്നര്‍ ആഡം സാംപ മൂന്നാം സ്ഥാനത്തായി. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തി. അക്സര്‍ പട്ടേല്‍ 13-ാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഓസീസ് ഒന്നാമത് തുടരുന്നു. ഇന്ത്യ തൊട്ടുപിന്നില്‍.