ഹൈപ്പ് ഒക്കെ അവിടെ നില്‍ക്കട്ടെ; ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് ചാഹലിന് ചിലത് പറയാനുണ്ട്

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ടീം ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചിരുന്നു

This is why Yuzvendra Chahal has no worry about IND vs PAK Match in T20 World Cup 2022

പെർത്ത്: ഓസ്ട്രേലിയയിലെ ട്വന്‍റി 20 ലോകകപ്പില്‍ ഇക്കുറി ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നതുതന്നെ വാശിയേറിയ പോരാട്ടത്തോടെയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒക്ടോബർ 23ന് പാകിസ്ഥാനെ ഇന്ത്യ നേരിടും. ഇത്തവണ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നാവും മെല്‍ബണ്‍ അങ്കമെന്നാണ് പൊതുവിലയിരുത്തല്‍ എങ്കിലും മത്സരത്തിന്‍റെ സമ്മർദമൊന്നും ഇന്ത്യന്‍ സ്പിന്നർ യുസ്‍വേന്ദ്ര ചാഹലിനില്ല. 

'നേരത്തെ കളിച്ചിട്ടുള്ള ടീമിനെതിരെ വീണ്ടും ഇറങ്ങുമ്പോള്‍ അത്ര ഭയക്കേണ്ട സാഹചര്യമില്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തെ കുറിച്ച് മാധ്യമങ്ങളിലും ഇന്‍റർനെറ്റിലും വലിയ ഹൈപ്പുണ്ട്. ക്രിക്കറ്റർമാരായ നമ്മെ സംബന്ധിച്ച് ഇതൊരു മത്സരം മാത്രമാണ്. അധിക സമ്മർദത്തിന്‍റെ ആവശ്യമില്ല. ഞാന്‍ ഇന്‍റർനെറ്റില്‍ സജീവമാണെങ്കിലും എന്തൊക്കെയാണ് അവിടെ എഴുതിവച്ചിരിക്കുന്നത് എന്നത് അധികം ​​​ഗൗനിക്കാറില്ല. പാകിസ്ഥാന്‍ മികച്ച ടീമാണ്. എന്നാല്‍ ഞങ്ങളുടെ പ്രകടനം എങ്ങനെ മികച്ചതാക്കാം എന്നതില്‍ മാത്രമാണ് ശ്രദ്ധ. മത്സരദിനം എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതിലാണ് കാര്യം. അതിനെ ആശ്രയിച്ചിരിക്കും മത്സരഫലം' എന്നും ചാഹല്‍ ദൈനിക് ജാഗ്രണിനോട് പറഞ്ഞു. 

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ടീം ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചിരുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി എന്നീ ടോപ് ത്രീയെ പുറത്താക്കി ഷഹീന്‍ ഷാ അഫ്രീദിയാണ് മത്സരം പാകിസ്ഥാന് അനുകൂലമാക്കിയത്. മൂന്ന് വിക്കറ്റുമായി ഷഹീന്‍ മത്സരത്തിലെ താരമായി അന്ന് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 20 ഓവറില്‍ 7 വിക്കറ്റിന് 151 റണ്‍സെടുക്കാനാണായത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 152 റണ്‍സ് നേടി. 55 പന്തില്‍ 79* റണ്‍സുമായി മുഹമ്മദ് റിസ്‍വാനും 52 പന്തില്‍ 68* റണ്‍സെടുത്ത് ബാബർ അസവുമായിരുന്നു പാകിസ്ഥാന്‍റെ ബാറ്റിംഗ് ഹീറോകള്‍. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്. 

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിന് ടോസ് വീണു; മഴ രസംകൊല്ലിയാവുമോ?

Latest Videos
Follow Us:
Download App:
  • android
  • ios